എറണാകുളം: അനധികൃത ഫ്ലക്‌സ് ബോർഡുകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ ക്ഷമ ദൗർബല്യമായി കാണരുതെന്ന് സർക്കാരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ബോർഡുകളുടെ എണ്ണം വർധിക്കുന്നുവെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പാതയോരങ്ങളിലെ അനധികൃത ഫ്ലക്‌സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യാനായി നിരവധി ഉത്തരവുകൾ ഇറക്കിയിട്ടും സർക്കാർ നിസംഗത കാട്ടിയതോടെയാണ് വിഷയത്തിൽ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.
'ക്ഷമ ദൗർബല്യമായി കാണരുത്'; അനധികൃത ഫ്ലക്‌സ് ബോർഡുകൾ നീക്കം ചെയ്യുന്ന കാര്യത്തില്‍ വിമർശനവുമായി ഹൈക്കോടതി - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത
കോടതിയെ പരിഹസിക്കുന്നത് പോലെയാണ് അനധികൃത ബോർഡുകളുടെ എണ്ണം വർധിക്കുന്നതെന്ന് അനധികൃത ഫ്ലക്‌സ് ബോർഡുകൾ നീക്കം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം.
ക്ഷമ ദൗർബല്യമായി കാണരുതെന്ന് സർക്കാറിന് മുന്നറിയിപ്പ് നൽകിയ കോടതി, അനധികൃത ബോർഡ് വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിന് വ്യവസായ സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ചു. ആളുകൾ കേബിളുകളിൽ കുടുങ്ങി മരിക്കുമെന്നല്ലാതെ ഒന്നും നടക്കില്ലെന്നും കോടതി കുറ്റപ്പെടുത്തി. മാറ്റിയ പഴയ ബോർഡുകളുടെ സ്ഥാനത്ത് പുതിയവ എത്തിയെന്ന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു.
അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശമില്ലെന്നും കോടതി വിമർശന സ്വരത്തിൽ പറഞ്ഞു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ബുധനാഴ്‌ച പരിഗണിക്കാനായി മാറ്റി. അനധികൃത ഫ്ലക്‌സ് ബോർഡുകൾ നീക്കം ചെയ്യാനായി തദ്ദേശ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.