കൊച്ചി:പെരിയ ഇരട്ടക്കൊലപാതക കേസില്‍ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സിബിഐക്ക് കൈമാറിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കുറ്റപത്രത്തിൽ വീഴ്ചകളുണ്ടെന്ന് കോടതി ചൂണ്ടികാണിച്ചു. ജിഐ പൈപ്പ് ഉപയോഗിച്ച് മർദിച്ചാൽ എങ്ങിനെയാണ് മുറിവുകൾ സംഭവിക്കുകയെന്നും കോടതി ചോദിച്ചു. എന്നാൽ ഇത് കുറ്റപത്രത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷയിൽ സംഭവിച്ച പിഴവാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പെരിയ ഇരട്ടക്കൊലപാതകം; കേസ് ഡയറി ഹാജരാക്കാനാവശ്യപ്പെട്ട് ഹൈക്കോടതി - high court periya murder case
കേസ് ഡയറി പരിശോധിക്കാതെയാണ് പെരിയ ഇരട്ടക്കൊലപാതകത്തിന്‍റെ അന്വേഷണം ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐക്ക് കൈമാറിയതെന്ന വാദത്തെ തുടർന്നാണ് കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്
ഒന്നാം പ്രതിയുടെ കയ്യിൽ ജിഐ പൈപ്പും മറ്റു പ്രതികളുടെ കയ്യിൽ വാളുകളുമുണ്ടായിരുന്നു. വാളുകൾ കൊണ്ട് വെട്ടിയാണ് രണ്ട് പേരെയും കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിലുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു. കേസ് ഡയറി പരിശോധിക്കാതെയാണ് അന്വേഷണം ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐക്ക് കൈമാറിയതെന്ന വാദത്തെ തുടർന്നാണ് കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. സർക്കാർ ആവശ്യപ്പെട്ടതിനാൽ മാത്രമാണ് ഇത്തരമൊരു നിർദേശം നൽകിയതെന്നും ഹർജിയിൽ അടിയന്തിരമായി തീരുമാനമെടുക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ തുടരന്വേഷണം ആവശ്യമാണോ, മറ്റൊരു ഏജൻസി അന്വേഷിക്കണമോ തുടങ്ങിയ കാര്യങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിശോധിക്കും. അപ്പീൽ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്‌ചത്തേക്ക് മാറ്റി. സർക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ ഹൈക്കോടതിയിൽ ഹാജരായി. അതേസമയം കേസ് അന്വേഷണം ഏറ്റെടുത്തതായും അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും സിബിഐ അറിയിച്ചു.