എറണാകുളം:ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസിനെതിരായ വൈസ് ചാന്‍സലര്‍മാരുടെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പുറത്താക്കിയ നടപടി ചോദ്യം ചെയ്‌ത് കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികളും ഇതേ സിംഗിൾ ബഞ്ചാണ് പരിഗണിക്കുന്നത്. കാരണം കാണിക്കൽ നോട്ടിസിന്മേല്‍ രേഖാമൂലം മറുപടി നൽകാൻ ഒക്ടോബര്‍ ഏഴ് വരെ വിസിമാർക്ക് ഹൈക്കോടതി സമയം നീട്ടി നൽകിയിരുന്നു.
നിയമവിരുദ്ധമായ നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിസിമാരുടെ ഹർജികൾ. രാജിവയ്ക്കാനാവശ്യപ്പെട്ട് ഗവർണർ നേരത്തെ നൽകിയ നോട്ടിസിന്‍റെ തുടർച്ചയാണ് കാരണം കാണിക്കൽ നോട്ടീസ് എന്നാണ് വിസിമാരുടെ വാദം. രാജി വയ്ക്കാനാവശ്യപ്പെട്ടുള്ള നോട്ടിസ് നേരത്തെ കോടതി അസാധുവാക്കിയത് വാദമായും ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.