എറണാകുളം:ചട്ടവിരുദ്ധമായി കോളേജ് അനുവദിച്ച കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്‌തു. കാസർഗോഡ് പടന്നയിൽ ടികെസി എജുക്കേഷൻ സൊസൈറ്റിക്ക് ആർട്‌സ് ആൻഡ് സയൻസ് കോളേജ് അനുവദിച്ച നടപടിയാണ് 15 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ഷറഫ് ആർട്‌സ് ആന്‍ഡ് സയൻസ് കോളജ് കമ്മിറ്റി നൽകിയ ഹർജിയിലാണ് കോടതി നടപടി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് ഇടക്കാല ഉത്തരവ്. സിൻഡിക്കേറ്റിനെ ഒഴിവാക്കി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ കോളേജിന് അനുമതി നൽകിയെന്നാണ് പരാതി. സ്വാശ്രയ കോളജ് തുടങ്ങുവാൻ ആവശ്യമായ യുജിസി റെഗുലേഷൻ പ്രകാരം ഉള്ള അഞ്ച് ഏക്കർ ഭൂമി പ്രസ്‌തുത കോളജിന് ഇല്ല എന്നും, ഉള്ള ഭൂമി നിർമാണ പ്രവർത്തനങ്ങൾക്ക് യോഗ്യമല്ല എന്നും പരാതി ഉയർന്നിരുന്നു. തുടർന്നാണ് ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടി ഷറഫ് ആർട്‌സ് ആന്‍ഡ് സയൻസ് കോളജ് കമ്മിറ്റി കോടതിയെ സമീപിച്ചത്.