എറണാകുളം :അരിക്കൊമ്പന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്‌പര്യ ഹർജി ഹൈക്കോടതി തള്ളി. ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ഉത്തരവിനെതിരായ ഹർജി പരിഗണിക്കാൻ കേരള ഹൈക്കോടതിക്ക് അധികാര പരിധിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അരിക്കൊമ്പന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സാബു എം ജെക്കബ് ഹർജി നൽകിയത്.
അതേസമയം തമിഴ്‌നാട്ടിൽ നിന്നും ആനയെ പിടികൂടി കേരളത്തിലെത്തിക്കണമെന്ന ആവശ്യത്തിൽ സംശയമുണ്ടെന്ന് കോടതി വിമർശന സ്വരത്തിൽ പറഞ്ഞു. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചു. ആന നിലവിൽ തമിഴ്‌നാട് ഭാഗത്താണുളളത്.
ഉൾവനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്‌നാട്ടിൽ നിന്നും പറയുന്നത്. തമിഴ്‌നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. പകരം ആനയെ സംരക്ഷിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ട് വരണമെന്ന് പറയുന്നതെന്നും കോടതി ചോദിച്ചു.
എന്നെങ്കിലും ഉൾക്കാട്ടിൽ പോയിട്ടുണ്ടോ ?പൊതുതാത്പര്യ ഹർജികളിൽ പൊതുതാത്പര്യം ഉണ്ടാകണം. ജീവിതത്തിൽ എന്നെങ്കിലും ഉൾക്കാട്ടിൽ പോയ അനുഭവം ഉണ്ടോയെന്നും സാബു എം ജേക്കബിനോട് കോടതി ആരാഞ്ഞു. ഹർജിക്കാരൻ രാഷ്‌ട്രീയ പാർട്ടി നേതാവാണ്. ആ ഉത്തരവാദിത്തത്തോട് കൂടി പെരുമാറണം. എന്തിനാണ് കേരളത്തിലേക്ക് അരിക്കൊമ്പനെ കൊണ്ടുവരുന്നതെന്നോ എങ്ങനെ സംരക്ഷിക്കുമെന്നോ ഹർജിക്കാരന് വ്യക്തതയില്ല.