എറണാകുളം:ആളൂർ പീഡനക്കേസ് പ്രതി ജോൺസന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതി എത്രയും പെട്ടന്ന് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു. മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത സർക്കാർ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് കോടതിയെ അറിയിച്ചു. സർക്കാർ റിപ്പോർട്ട് പരിഗണിച്ചായിരുന്നു നടപടി. അതേസമയം കേസ് അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്ന ഇരയുടെ ഹർജി കോടതി തീർപ്പാക്കി.
കേസന്വേഷണത്തിൽ പിഴവ് ആരോപണം
ആളൂർ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങളും മുദ്ര വച്ച കവറിൽ കോടതിയ്ക്ക് കൈമാറിയിരുന്നു. എന്നാൽ അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്നായിരുന്നു ഇരയായ പരാതിക്കാരിയുടെ ആരോപണം. പ്രതി വലിയ സ്വാധീനം ഉള്ള വ്യക്തിയാണ്. പൊലീസ് ശാസ്ത്രീയ തെളിവുകൾ പോലും ശേഖരിച്ചില്ലന്നും പരാതിക്കാരി കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
പ്രതിക്കെതിര മയൂഖ ജോണി
ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ എന്നയാൾ പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്‌തുവെന്ന് ഒളിമ്പ്യൻ മയൂഖ ജോണി വാർത്താ സമ്മേളനം നടത്തി ആരോപണമുന്നയിച്ചതോടെയാണ് കേസ് ചർച്ചയായത്. സാമ്പത്തിക പിൻബലവും രാഷ്‌ട്രീയ സ്വാധീനവുമുള്ള പ്രതിയുടെ ഇടപെടൽ കാരണമാണ് അന്വേഷണവും തുടർ നടപടികളും ഉണ്ടാകാത്തതെന്നും അവർ ആരോപിച്ചിരുന്നു.
2016 ജൂലായ് മാസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയും നഗ്ന വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. പിന്നീട് ഇതിന്‍റെ പേരിൽ ഭീഷണിപ്പെടുത്തി പരാതി നൽകുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. അവിവാഹിതയായ പെൺകുട്ടി തന്‍റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിൽ പരാതിപ്പെട്ടിരുന്നില്ല.
READ MORE:ആളൂർ പീഡനം : എസ്.പി പൂങ്കുഴലിയടക്കം പ്രതിയെ സംരക്ഷിക്കുന്നുവെന്ന് ഒളിമ്പ്യൻ മയൂഖ ജോണി
കൗൺസിലിങിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം അവസാനം വീണ്ടും ഭീഷണിയുമായി പ്രതി രംഗത്തെത്തിയത്. ഈയൊരു സാഹചര്യത്തിലാണ് ഇരയായ പെൺകുട്ടിക്ക് നീതി ഉറപ്പാക്കാൻ താൻ രംഗത്തെത്തിയതെന്ന് ഒളിമ്പ്യൻ മയൂഖ ജോണി വ്യക്തമാക്കിയിരുന്നു. തൃശൂർ എസ്.പി ജി. പൂങ്കുഴലി ഉൾപ്പടെയുള്ളവർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതരമായ ആരോപണവും മയൂഖ ജോണി ഉന്നയിച്ചിരുന്നു.