എറണാകുളം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം നടത്തിയെന്ന കേസ് ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന മുഖ്യമന്ത്രി പിണറായി വിജയനും 18 മന്ത്രിമാർക്കുമെതിരായ കേസ് ഫുൾ ബെഞ്ചിനു വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്‍റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടപെടാൻ വിസമ്മതിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി ജൂൺ ഏഴിലേക്ക് മാറ്റി.
ലോകായുക്ത തീരുമാനത്തിനെതിരെ പരാതിക്കാരനായ ആര്‍ എസ് ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ ആറിനാണ് കേസ് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കുന്നത്. ലോകായുക്തയും രണ്ട് ഉപലോകായുക്തമാരും ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.
പരേതനായ എൻ.സി.പി.നേതാവ് ഉഴവൂർ വിജയന്‍റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷവും പരേതനായ ചെങ്ങന്നൂർ എം.എൽ.എ. കെ.കെ. രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്‍റ് എൻജിനീയർ ജോലിക്ക് പുറമേ ഭാര്യയുടെ സ്വർണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്‌പയ്ക്കുമായി എട്ടര ലക്ഷവും അനുവദിച്ചതിൽ അഴിമതി ആരോപിച്ചായിരുന്നു ലോകായുക്തയ്‌ക്ക് മുന്നിലെ പരാതി. കോടിയേരി ബാലകൃഷ്‌ണന്‍റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപ അനുവദിച്ചതിനെതിരെയും പരാതിയിൽ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.