കൊച്ചി: കോട്ടയം ക്രൈംബ്രാഞ്ച് സിഐ ശ്രീമോനെ ഉടൻ സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. തൊടുപുഴ സിഐയായിരിക്കെ തന്‍റെ പരിധിയില്‍ വരാത്ത സിവില്‍ കേസുകളില്‍ ശ്രീമോന്‍ ഇടപെട്ടെന്നാണ് പരാതി. ഇടുക്കി സ്വദേശി നൽകിയ ഹർജിയിൽ ശ്രീമോനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പരാതിക്കാരൻ നൽകിയ സിവിൽ പരാതിയിൽ ആരോപണ വിധേയനായ വ്യക്തിയെ രക്ഷിക്കാൻ സിഐ അന്യായമായി ഇടപെട്ടുവെന്നും സമാനമായ നിരവധി സംഭവങ്ങളുണ്ടെന്നും ചൂണ്ടികാണിച്ചിരുന്നു.
കോട്ടയം ക്രൈംബ്രാഞ്ച് സിഐ ശ്രീമോനെ സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ് - വിജിലൻസ് ഐജി
ശ്രീമോനെ പേലെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിന് ഭീഷണിയാണെന്ന് ഹൈക്കോടതി
പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന് ശ്രീമോനെതിരെ വ്യാപകമായ ആക്ഷേപമുയർന്നിരുന്നു. ഇതേ തുടർന്നാണ് കോടതി വിജിലൻസ് ഐജിയെ അന്വേഷണത്തിന് നിയോഗിച്ചത്. ഇത്തരത്തില്‍ 18 കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസുകളില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു. വിജിലന്‍സ് ഐജി എച്ച്.വെങ്കിടേഷിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ശ്രീമോനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടി അടുത്തയാഴ്‌ച കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഇത്തരത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിന് ഭീഷണിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.