എറണാകുളം: സ്‌പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടിസ് കാലയളവ് പൂർത്തിയാക്കണമെന്ന ചട്ടം പുനർവിചിന്തനം ചെയ്യപ്പെടേണ്ടതാണെന്ന് ഹൈക്കോടതി. സ്‌പെഷല്‍ മാര്യേജ് ആക്‌ടിലെ ചട്ടം 5 പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടിസ് കാലയളവ് പൂർത്തീകരിക്കണം എന്നാണ് നിയമം. കൂടാതെ വിവാഹം രജിസ്റ്റർ ചെയ്യപ്പെടുന്ന സ്ഥലപരിധിയിൽ തന്നെ 30 ദിവസമായി താമസിക്കുന്നവരാകണം വധു, വരന്മാർ എന്നും നിയമം അനുശാസിക്കുന്നു.
സ്‌പെഷല്‍ മാര്യേജ് ആക്‌ട്: നോട്ടിസ് കാലയളവ് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി
സ്‌പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസത്തെ കാലയളവ് പൂര്‍ത്തിയാക്കണമെന്ന ചട്ടം ചിന്തിക്കപ്പെടേണ്ടതാണെന്ന് ഹൈക്കോടതി. ആക്‌ടിലെ നോട്ടിസ് കാലയളവ് ചോദ്യം ചെയ്‌ത് എറണാകുളം സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് വി ജി അരുണ്‍ ഇക്കാര്യം വ്യക്തമാക്കിയത്
ഈ ചട്ടങ്ങളിൽ മാറ്റം വരണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. വിപ്ലവകരമായ മാറ്റങ്ങൾ ആചാരങ്ങളിലും മറ്റും ഉണ്ടായ സ്ഥിതിക്ക് വിവാഹം സാധുവാകുന്നതിന് ഇത്രയധികം കാലദൈർഘ്യം ചിന്തിക്കപ്പെടേണ്ടതാണെന്നും ജസ്റ്റിസ് വി ജി അരുൺ പറഞ്ഞു. സ്‌പെഷല്‍ മാര്യേജ് ആക്‌ടിലെ നോട്ടിസ് കാലയളവ് ചോദ്യം ചെയ്‌ത് എറണാകുളം സ്വദേശികൾ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഹർജിയിൽ അങ്കമാലി സബ് രജിസ്ട്രാർ, സംസ്ഥാന, കേന്ദ്ര സർക്കാരുകൾ എന്നിവരോട് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
യുവാക്കളിൽ ഭൂരിഭാഗവും വിദേശത്തായിരിക്കെ നാട്ടിലേക്കെത്തുന്ന ചെറിയ കാലയളവിൽ തന്നെ വിവാഹം ഉൾപ്പടെ നടത്തേണ്ടി വരുന്ന സാഹചര്യവും കോടതി ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയ ഹർജിക്കാരുടെ വിവാഹം 30 ദിവസ നോട്ടിസ് കാലയളവ് പരിഗണിക്കാതെ സാധുവാക്കി ഇടക്കാല ഉത്തരവിടണമെന്ന ആവശ്യം കോടതി നിരസിച്ചു. വിവാഹം സംബന്ധിച്ചുള്ള എതിർപ്പുകളടക്കം പരിഗണിക്കുന്നതിന്‍റെ ഭാഗമായാണ് നോട്ടിസ് കാലയളവെന്നും ഇടക്കാല ഉത്തരവ് ആവശ്യം തള്ളണമെന്നും ഡെപ്യൂട്ടി സോളിസിറ്റർ ജനറലും അറിയിച്ചിരുന്നു. ഹർജി ഹൈക്കോടതി ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.