എറണാകുളം: ഗൂഢാലോചന കേസില്‍ സ്വപ്‌ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുന്‍ മന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുൻകൂർ ജാമ്യം തേടിയാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ദൂതൻ തന്നെ ഭീഷണിപ്പെടുത്തിയെന്നടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ചിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുമെന്ന് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്വപ്‌ന സുരേഷും സരിത്തും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കേസിൽ സ്വപ്‌ന മാത്രമാണ് പ്രതി, സരിത്ത് പ്രതിയല്ല. പൊലീസ് പീഡനമെന്ന പരാതിയുണ്ടെങ്കിൽ അതിനെതിരെയാണ് ഹർജി നൽകേണ്ടതെന്നും മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു.
ഇന്നലെ മുൻകൂർ നോട്ടീസില്ലാതെ സരിത്തിനെ വിജിലൻസ് പിടിച്ചു കൊണ്ടു പോയി. കൂടാതെ കൂടുതൽ കേസുകളെടുത്ത് ജയിലിലടയ്ക്കുമെന്ന ഭീഷണിയുണ്ടെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. അതേസമയം ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന സർക്കാർ വാദം കൂടി പരിഗണിച്ചാണ് ഹൈക്കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്.