കേരളം

kerala

ETV Bharat / state

മകളുടെ വിവാഹത്തിൽ പങ്കെടുക്കണം; റിപ്പർ ജയാനന്ദന് പരോൾ അനുവദിച്ച് ഹൈക്കോടതി - Parole to Ripper Jayanandan

രണ്ടുദിവസം രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പൊലീസ് സംരക്ഷണയിലാണ് പരോൾ അനുവദിച്ചിട്ടുള്ളത്

റിപ്പർ ജയാനന്ദന് പരോൾ  റിപ്പർ ജയാനന്ദൻ  റിപ്പർ  High Court Grants Parole to Ripper Jayanandan  Ripper Jayanandan  റിപ്പർ ജയാനന്ദന് രണ്ട് ദിവസത്തെ പരോൾ  Parole to Ripper Jayanandan
റിപ്പർ ജയാനന്ദന് പരോൾ

By

Published : Mar 18, 2023, 4:49 PM IST

Updated : Mar 18, 2023, 5:40 PM IST

എറണാകുളം: മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദന് പരോൾ അനുവദിച്ച് ഹൈക്കോടതി. രണ്ടുദിവസം രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് പരോൾ അനുവദിച്ചിട്ടുള്ളത്. പരോളിന്‌ വേണ്ടി റിപ്പർ ജയാനന്ദന്‍റെ ഭാര്യയാണ് കോടതിയെ സമീപിച്ചത്.

അഭിഭാഷകയായ ജയാനന്ദന്‍റെ മകളാണ് ജയാനന്ദന് വേണ്ടി കോടതിയിൽ ഹാജരായത്. തുടർന്ന് ഉപാധികളോടെ ഹൈക്കോടതി പരോൾ അനുവദിക്കുകയായിരുന്നു. എന്നാൽ സർക്കാർ ജയാനന്ദന് പരോൾ അനുവദിക്കുന്നതിനെ എതിർത്തിരുന്നു. അതേസമയം പൊലീസ് അകമ്പടിയോടെ ആയിരിക്കും ജയാനന്ദന് വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കുക.

വിവാഹത്തിനായി ജയാനന്ദന് തലേദിവസം പൊലീസ് സംരക്ഷണത്തില്‍ വീട്ടില്‍ എത്താം. പിറ്റേദിവസം നടക്കുന്ന വിവാഹത്തില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ ജയാനന്ദന് വീട്ടില്‍ തുടരാമെന്നും കോടതി അറിയിച്ചു. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഠിന തടവിലാണ് റിപ്പർ ജയാനന്ദൻ.

കൊലപാതകം വിനോദമാക്കിയ ക്രൂരൻ: കേരളം കണ്ട ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളാണ് ജയാനന്ദൻ എന്ന റിപ്പർ ജയാനന്ദൻ. മോഷണത്തിനായി ഏഴ്‌ ജീവനുകളെയായിരുന്നു റിപ്പർ ജയാനന്ദൻ എന്ന ക്രൂരനായ ക്രിമിനൽ കൊന്നുതള്ളിയത്. ചെയ്‌ത ക്രൂരതകളെക്കുറിച്ച് ഒരിക്കൽ പോലും പശ്ചാത്തപിക്കാത്ത കൊലയാളിയായിരുന്നു ഇയാൾ. ഇരകളെ തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം അവർ മരണത്തിലേക്ക് വീഴുന്ന കാഴ്‌ച തനിക്ക് ഉന്മാദവും ഹരവും പകരാറുണ്ടെന്നായിരുന്നു റിപ്പർ പൊലീസിനോട് പറഞ്ഞത്.

എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ജയാനന്ദൻ സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പല കൊലപാതകങ്ങളും നടത്തിയത്. മോഷണ ശ്രമത്തിനായി ആരെയും നിഷ്‌ഠൂരം കൊന്നുതള്ളുന്ന പ്രകൃതമായിരുന്നു ജയാനന്ദന്‍റേത്. ആറ് കൊലപാതകങ്ങൾക്ക് ശേഷമാണ് റിപ്പറിനെക്കുറിച്ചുള്ള സൂചനകൾ പോലും പൊലീസിന് ലഭിച്ചത്. ഇതിനിടെ ഏഴാമത് ഒരു കൊലകൂടി ഇയാൾ നടത്തിയിരുന്നു.

2006 ഒക്‌ടോബർ രണ്ടിന് എറണാകുളം ജില്ലയിലെ പുത്തൻവേലിക്കരയിൽ ബേബിയുടെ കൊലപാതകമാണ് റിപ്പറിലേക്ക് പൊലീസിന്‍റെ വഴി തുറന്നത്. ബേബിയുടെ കൈകൾ വെട്ടിയെടുത്ത നിലയിലായിരുന്നു. ഇതിന് ഒരു വർഷം മുൻപ് 2005 ഓഗസ്റ്റ് ഒന്നിന് പറവൂറിലെ ബിവറേജസ് ഔട്ട്‌ലെറ്റിലെ സെക്യൂരിറ്റിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണ ശ്രമവും നടന്നിരുന്നു.

ഈ കേസ് ക്രൈംബ്രാഞ്ച് ഉൾപ്പെടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഈ രണ്ട് കേസുകളും സമാന്തരമായി പൊലീസ് അന്വേഷിച്ചു. പിന്നാലെ ഈ കേസിൽ സംശയം തോന്നി മാള സ്വദേശി തമ്പിയെന്ന ക്രിമിനലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്‌തതോടെയാണ് അന്വേഷണം ജയാനന്ദനിലേക്ക് എത്തിയത്. തുടർന്ന് പൊലീസ് ജയാനന്ദനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2003 സെപ്‌റ്റംബറിൽ തൃശൂർ ജില്ലയിലെ ജോസ്, 2004 മാർച്ചിൽ മാള പള്ളിപ്പുറത്ത് നബീസ, മകൾ ഫൗസിയ, 2004 ഒക്‌ടോബറിൽ സഹദേവൻ, ഭാര്യ നിർമ്മല, 2005 മേയിൽ വടക്കേക്കര സ്വദേശിനി ഏലിക്കുട്ടി, 2005 ഓഗസ്റ്റ് ഒന്നിന് സുഭാഷ്, 2006 ഒക്‌ടോബറിൽ പുത്തൻവേലിക്കരയിൽ ബേബി എന്നീ കൊലപാതകങ്ങളാണ് ജയാനന്ദന്‍റേതായി പൊലീസ് തെളിയിച്ചത്.

തെളിവ് നശിപ്പിക്കുന്നതിൽ വിദഗ്‌ദൻ:ഹൈടെക്ക് മോഷ്‌ടാക്കളെ വെല്ലുന്ന രീതിയിലായിരുന്നു റിപ്പറിന്‍റെ കൊലപാതകങ്ങൾ. വിരലടയാളം പതിയാതിരിക്കാൻ കയ്യിൽ സോക്‌സ് ധരിച്ചായിരുന്നു കൃത്യം നടത്തിയിരുന്നത്. കൂടാതെ കൃത്യം നടത്തിയ സ്ഥലത്ത് മണ്ണെണ്ണ സ്‌പ്രേ ചെയ്‌തും, മഞ്ഞൾപ്പൊടി വിതറിയും ഇയാൾ തെളിവുകൾ നശിപ്പിച്ചിരുന്നു. വീടുകളിൽ നടത്തുന്ന കൊലപാതകങ്ങൾക്ക് ശേഷം വീട്ടിലെ ഗ്യാസ്‌ തുറന്ന് വിടുന്നതും പതിവായിരുന്നു.

കൊലക്കേസുകളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ജയാനന്ദനെ വധശിക്ഷയ്‌ക്ക് വിധിച്ചെങ്കിലും ഹൈക്കോടതി പിന്നീട് ജീവിതാവസാനം വരെ കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു. എന്നാൽ ജയിലിലെത്തിയിട്ടും ജയാനന്ദൻ അടങ്ങിയിരിക്കാൻ തയ്യാറായില്ല. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ഇയാൾ രണ്ട് തവണ ജയിൽ ചാടിയിരുന്നു.

Last Updated : Mar 18, 2023, 5:40 PM IST

ABOUT THE AUTHOR

...view details