കേരളം

kerala

ETV Bharat / state

'ഹൈക്കോടതിയില്‍ പിഡബ്ളിയുഡി ഓഫീസ് തുറക്കേണ്ടി വരും'; വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ല: ഹൈക്കോടതി

ആലുവ-പെരുമ്പാവൂര്‍ റോഡിന്‍റെ അറ്റകുറ്റപ്പണി 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

criticizes  kerala  condition of road  ഹൈക്കോടതി  എറണാകുളം  ആലുവ പെരുമ്പാവൂര്‍ റോഡ്  പൊതുമരാമത്ത് വകുപ്പ്  ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ  high court  kerala road  kerala government  kerala latest news
'ഹൈക്കോടതിയില്‍ പിഡബ്യുഡി ഓഫീസ് തുറക്കേണ്ടി വരും'; വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ല: ഹൈക്കോടതി

By

Published : Sep 19, 2022, 8:35 PM IST

എറണാകുളം: സംസ്ഥാനത്തെ റോഡുകളുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഹൈക്കോടതി. ആലുവ - പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ വിമർശനം. ആലുവ - പെരുമ്പാവൂർ റോഡിന്‍റെ അറ്റകുറ്റപ്പണി 10 ദിവസത്തിനകം നടത്തി ഗതാഗത യോഗ്യമാക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്.

റോഡ് നിർമാണത്തിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി എടുക്കാൻ മടിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി. ആലുവ - പെരുമ്പാവൂർ റോഡ് തകർന്നതിൽ എഞ്ചിനീയർമാരെ നേരിട്ട് വിളിച്ചു വരുത്തിയ ഹൈക്കോടതി, റോഡിലെ കുഴികളിൽ വീണ് അപകടം പറ്റി ആളുകൾ മരിക്കുന്നതിൽ ഉദ്യോഗസ്ഥരെയും സർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിച്ചു.

എഞ്ചിനീയർമാർ എന്ത് ജോലിയാണ് ചെയ്യുന്നത്. റോഡിൽ കുഴികൾ രൂപപ്പെടുമ്പോൾ തന്നെ നടപടികൾ സ്വീകരിക്കണമെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ദിനം പ്രതി എത്ര പേർക്കാണ് റോഡിലെ കുഴിയിൽ വീണ് അപകടം സംഭവിക്കുന്നത്. കുറ്റക്കാരായ എഞ്ചിനീയർമാരെ വിളിച്ചു വരുത്താൻ തുടങ്ങിയാൽ ഹൈക്കോടതി പരിസരത്ത് പിഡബ്ളിയുഡി ഓഫീസ് തുടങ്ങേണ്ടി വരുമെന്നും കോടതി പരിഹസിച്ചു.

മെയ് മാസം മുതലാണ് ആലുവ പെരുമ്പാവൂർ റോഡ് ശോചനീയാവസ്ഥയിലായതെന്നും കിഫ്ബി നിർദേശമുള്ളത് കൊണ്ടാണ് അറ്റകുറ്റപ്പണി നടത്താതിരുന്നതെന്നും എഞ്ചിനീയർമാർ കോടതിയെ അറിയിച്ചു. എന്നാൽ ഇത്തരം നിർദേശം ഇരുചക്രവാഹനയാത്രക്കാർക്കുള്ള മരണവാറണ്ടാണെന്ന് കോടതി കുറ്റപ്പെടുത്തി. റോഡുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഒക്ടോബർ 6 ന് വീണ്ടും പരിഗണിക്കും.

ABOUT THE AUTHOR

...view details