എറണാകുളം: ബസ് സർവീസുകൾ പുനഃക്രമീകരിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മിന്നൽ പണിമുടക്കിൽ കെഎസ്‌ആര്‍ടിസി യൂണിയനുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാരിൽ നിന്ന് കനത്ത പിഴ തന്നെ ഈടാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ അടുത്ത മാസം ആറിനകം കെഎസ്‌ആർടിസി നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
ബസ് സർവീസുകൾ പുനഃക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ജൂൺ 26നാണ് തിരുവനന്തപുരത്തെ നാല് ഡിപ്പോകളിലെ ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. ആ ദിവസത്തെ വരുമാന നഷ്‌ടമായ 10 ലക്ഷത്തോളം രൂപ പണിമുടക്കിയ 111 ജീവനക്കാരിൽ നിന്ന് ഈടാക്കാൻ കെഎസ്‌ആര്‍ടിസി തീരുമാനിക്കുകയും ചെയിതിരുന്നു. ഇതിന് എതിരായ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ച് യൂണിയനുകളെ രൂക്ഷമായി വിമർശിച്ചത്.