കേരളം

kerala

ETV Bharat / state

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

സർക്കാരിന് നിയമാനുസൃതം പ്രവർത്തിക്കാൻ ബാധ്യത ഉണ്ടെന്ന് ഹൈക്കോടതി.

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

By

Published : Jul 29, 2019, 7:08 PM IST

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് തീര്‍പ്പാക്കാത്തതിനെതിരെ വിമർശനവുമായി ഹൈക്കോടതി. വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും തീര്‍പ്പിക്കാത്തതിനെതിരെയാണ് കോടതി വിമർശനം. കേസില്‍ നിയമാനുസൃതം പ്രവർത്തിക്കാൻ സർക്കാരിന് ബാധ്യത ഉണ്ടെന്ന് കോടതി ഓർമിപ്പിച്ചു. കേസ് നടക്കുന്ന മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും കേസിന്‍റെ റിപ്പോര്‍ട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നാണ് ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

2012 ജൂണിലാണ് ആനക്കൊമ്പ് കേസ് രജിസ്റ്റർ ചെയ്തത്. മോഹന്‍ലാലിന്‍റെ തേവരയിലുള്ള വീട്ടില്‍ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു മോഹന്‍ലാലിന്‍റെ വിശദീകരണം. ഇതേ തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കുകയായിരുന്നു.

കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച്‌ മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ നിര്‍ദേശപ്രകാരമാണ് അനുമതി നല്‍കിയത്. തുടർന്ന് കേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച്‌ വനം വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആനക്കൊമ്പ് കൈവശം വയ്ക്കാൻ മോഹൻലാലിന് അനുമതി നൽകിയത് സർക്കാർ തീരുമാനമാണെന്നും സർക്കാരിന് അതിന് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി മുഖ്യ വനപാലകൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details