എറണാകുളം: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി. വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടതിനാലാണ് നടപടി. ജസ്‌റ്റിസ് സിയാദ് റഹ്‌മാന്‍റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേസ് അന്വേഷണം പൂര്‍ത്തിയാക്കാതെ അവസാനിപ്പിക്കാനായി ഭരണമുന്നണിയില്‍ നിന്ന് രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടാകുന്നുവെന്നത് അടക്കം സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയില്‍ അതിജീവിത ഉന്നയിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നാണ് സര്‍ക്കാര്‍ വാദം. വിഷയത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണത്തിന് മേലുള്ള നടിയുടെ ഭീതി അനാവശ്യമാണെന്നും ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
അഞ്ച് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ അതിജീവിത കഴിഞ്ഞ ദിവസം പൊതുജനമധ്യത്തിലെത്തിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള പ്രത്യേക കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് നടി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. തുടരന്വേഷണം അവസാനിപ്പിക്കരുതെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മൂന്ന് പേജുള്ള നിവേദനവും അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു.
എത്ര ഉന്നതരായലും കേസില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അതിജീവിതയോട് പറഞ്ഞു. അന്വേഷണത്തിന്‍റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയ മുഖ്യമന്ത്രി കേസില്‍ സര്‍ക്കാരെന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന ഉറപ്പും നല്‍കി. നടിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ ഡിജിപിയേയും ക്രൈംബ്രാഞ്ച് എഡിജിപിയേയും മുഖ്യമന്ത്രി വിളിച്ചുവരുത്തി കേസ് അന്വേഷണം ഊര്‍ജിതമാക്കാൻ നിര്‍ദേശിച്ചിരുന്നു.
More Read: നടിയെ ആക്രമിച്ച കേസ് : വിചാരണ കോടതിയിൽ കൂടുതൽ തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷൻ