എറണാകുളം: കനത്ത മഴയിലും ഉരുൾപൊട്ടലിലും കോതമംഗലം താലൂക്കിലെ മലയോര മേഖലകളിൽ വൻ നാശനഷ്ടം. പ്രദേശങ്ങളിലെ നൂറോളം വീടുകളിൽ വെള്ളം കയറി. നാശനഷ്ടം സംഭവിച്ച ഇടങ്ങളിൽ കോതമംഗലം എംഎൽഎ യും റവന്യുവിഭാഗവും സന്ദർശനം നടത്തി. ഇന്നലെ ഉച്ചയോടെയാണ് മലയോര മേഖലകളിൽ ശക്തമായ മഴയും വനാതിർത്തിയിൽ ഉരുൾപൊട്ടലും ഉണ്ടായത്. കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടം, ഉരുളൻതണ്ണി, ക്ണാച്ചേരി , പന്തപ്ര, അട്ടിക്കളം എന്നീ പ്രദേശങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുകയും നൂറോളം വീടുകളിൽ വെള്ളം കയറുകയും ചെയ്തു. നിരവധി കുടുംബങ്ങളെ പിണവൂർകുടി ഗവ.സ്‌കൂളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി.
കനത്ത മഴയിലും ഉരുൾപൊട്ടലിലും കോതമംഗലം മലയോര മേഖലകളിൽ വൻ നാശനഷ്ടം അപ്രതീക്ഷിതമായ വെള്ളപ്പൊക്കം പകൽ സമയത്ത് ആയത് കൊണ്ട് വലിയ ദുരന്തങ്ങൾ ഒഴിവായി. വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ, കുട്ടികളുടെ പാഠപുസ്തകങ്ങൾ, കിടക്ക, രേഖകൾ എന്നിവ നശിച്ചു. കൃഷിയിടങ്ങിലെ വിളകളിലെല്ലാം വെള്ളം കയറി . അപ്രതീക്ഷിത മഴയിൽ ആദിവാസികളും, ഗ്രാമവാസികളുമടക്കം നിരവധി കുടുബങ്ങൾ ഒറ്റപ്പെട്ടു.
രക്ഷാപ്രവർത്തനത്തിന് എത്തിയ ഫയർഫോഴ്സിസിന്‍റെ വാഹനം വെള്ളത്തിൽ മുങ്ങിപ്പോവുകയും തുടർന്ന് യന്ത്രസഹായത്തോടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വാഹനം വെള്ളത്തിൽ നിന്ന് മാറ്റുകയും ചെയ്തു. അതുകൊണ്ട് തന്നെ രക്ഷാ പ്രവർത്തനങ്ങൾക്ക് താമസം നേരിടുകയും ചെയ്തു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണ്ണമായും തകരാറിലായതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. നാശനഷ്ടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സാമ്പത്തിക സഹായങ്ങൾ നൽകുന്നതിന് വേണ്ടി ആന്‍റണി ജോൺ എംഎൽഎയുടെ നേത്യത്വത്തിൽ കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ.വർഗീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും അടിയന്തര നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകുകയും ചെയ്തു.
നാശനഷ്ടങ്ങൾ കണക്കാക്കി ആവശ്യമായ ധന സഹായം നൽകുന്നതിനു വേണ്ടി റവന്യൂ വിഭാഗം കണക്കുകൾ ശേഖരിച്ചിട്ടുണ്ട്. തോടുകളിൽ മണൽ കെട്ടിക്കിടന്നതും അവ കൃത്യമായ രീതിയിൽ നീക്കം ചെയ്യാത്തതുമാണ് പെട്ടന്ന് വെള്ളം ഉയരാനുണ്ടായ സാഹചര്യമെന്ന് നാട്ടുകാർ പറഞ്ഞു. പകർച്ചപ്പനി പടരാനുള്ള സാഹചര്യം ഉള്ളതിനാൽ ആരോഗ്യ വിഭാഗം മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്.