എറണാകുളം:ബത്തേരി സർവ്വജന സ്കൂളിൽ വിദ്യാർഥിനി ഷഹല ഷെറിന് പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ പ്രതികൾക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. സംഭവത്തിൽ ഒന്നാം പ്രതിയായ സ്കൂളിലെ അധ്യാപകൻ ഷജിൻ, മൂന്നാം പ്രതി വൈസ് പ്രിൻസിപ്പാൾ കെ കെ മോഹനൻ എന്നിവർക്കാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഇരുവരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇരുവരും അന്വേഷണവുമായി സഹകരിക്കണമെന്നും നിലവിലെ സാഹചര്യത്തിൽ ഇരുവരും സസ്പെൻഷനിൽ ആയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി അധ്യാപകരെ നോട്ടീസ് നൽകി പൊലീസിന് വിളിച്ചുവരുത്തി ചോദ്യം ചെയ്യാമെന്നും ഇരുവരെയും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. സാക്ഷികളെ സ്വാധീനിക്കാതിരിക്കാൻ അധ്യാപകരെ മറ്റേതെങ്കിലും സ്കൂളിലേക്ക് മാറ്റാനും കോടതി പറഞ്ഞു.
ഷെഹല ഷെറിന്‍ മരണം; സ്കൂള്‍ അധ്യാപകർക്ക് മുൻകൂർ ജാമ്യം
നവംബർ 21-നാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഷഹല ഷെറിൻ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ചത്.
അതേസമയം വിദ്യാർഥിനിയ്ക്ക് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി നേരത്തെ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ആരോഗ്യവകുപ്പ് സെക്രട്ടറിയോടും മറുപടി നൽകാൻ നിർദ്ദേശിച്ച് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പാമ്പുകടിയേറ്റ് ഷഹല ഷെറിൻ മരിച്ച സംഭവത്തിൽ വയനാട് ജില്ലാ ജഡ്ജി സ്കൂളിൽ പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് നൽകിയിരുന്നു. പാമ്പുകടിയേറ്റ വിദ്യാർഥിനിക്ക് അധ്യാപകർ പ്രഥമശുശ്രൂഷ നൽകിയില്ലെന്നും പിതാവ് വരുന്നതുവരെ ഷഹല സ്കൂളിൽതന്നെ കാത്തിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നവംബർ 21-നാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഷഹല ഷെറിന് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റത്. എന്നാൽ കുട്ടിയുടെ പിതാവ് സ്കൂളിൽ എത്തിയതിനു ശേഷം ഷഹലയെ ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്. പിന്നീട് പിതാവ് സ്കൂളിൽ എത്തിയ ശേഷം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ചികിത്സാസൗകര്യങ്ങൾ പരിമിതമായതിനാൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെവച്ച് കുട്ടി ചർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ അവിടെ എത്തുന്നതിനു മുൻപ് തന്നെ കുട്ടി മരിച്ചിരുന്നു.