എറണാകുളം :കാണാതായ വ്യക്തികൾ മരണപ്പെട്ടുവെന്ന് നിയമപരമായ വിലയിരുത്തൽ ഇല്ലാതെ അവരുടെ സ്വത്തുക്കളുടെയും മറ്റും നിയമപരമായ അവകാശി എന്ന സാക്ഷ്യ പത്രം ബന്ധുക്കൾക്ക് നൽകരുതെന്ന് ഹൈക്കോടതി ഉത്തരവ് (HC On Legal Heirship Certificate). അനന്തരാവകാശ സർട്ടിഫിക്കറ്റ് (Legal Heirship certificate) നേടാനായി കാണാതായവർ മരിച്ചുവെന്ന് നിയമപരമായ വിലയിരുത്തൽ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി (Kerala High Court).
11 വർഷമായി ഭർത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഭാര്യയും മക്കളും നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. മരണം സംഭവിച്ചുവെന്ന് വിലയിരുത്തിക്കൊണ്ടുള്ള രീതിയിൽ പൊലീസ് അന്വേഷണമുണ്ടാകണമെന്നും പ്രസ്‌തുത സംഭവത്തിൽ അത്തരമൊരു അന്വേഷണം ഇതുവരെയുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാൽ 2002 ജൂൺ 20 മുതൽ ഭർത്താവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ എഫ്ഐആർ ഇട്ടെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ലെന്ന് ഹർജിക്കാർ അറിയിച്ചു. അത്തരത്തിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്നും അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകരുതെന്നുമായിരുന്നു സർക്കാരിന്‍റെ നിലപാട്.
ഒരു പക്ഷെ കാണാതായ വ്യക്തി ജീവിച്ചിരിക്കുന്നുണ്ടാകും. ഹർജിക്കാരെ ബന്ധപ്പെടാൻ സാധിക്കാത്ത നിലയിലുമാകാം. മരണപ്പെട്ടുവെന്ന നിയമപരമായ വിലയിരുത്തൽ ഇല്ലാതെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
തുടർന്ന് അധികാര പരിധിയിലുള്ള പൊലീസ് സ്‌റ്റേഷനിൽ പത്തു ദിവസത്തിനകം എഫ്ഐആർ രജിസ്‌റ്റർ ചെയ്യാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഹർജിക്കാർക്ക് കോടതി നിർദേശം നൽകി. ഒരു മാസത്തിനകം എസ്എച്ച്ഒ അന്വേഷണം പൂർത്തിയാക്കുകയും വേണം.