കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഗവര്‍ണര്‍ അഡ്വക്കേറ്റ് ജനറലിനോട് അഭിപ്രായം തേടി. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്താനുള്ള വിജിലന്‍സ് അപേക്ഷയിലാണ് ഗവര്‍ണര്‍ എജിയോട് അഭിപ്രായം തേടിയത്. എജിയോട് രാജ്ഭവനിലെത്താനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ എജി രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തും.
പാലാരിവട്ടം അഴിമതിക്കേസ്; എജിയോട് അഭിപ്രായം തേടി ഗവര്‍ണര്‍ - മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ്
മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്താനുള്ള വിജിലന്‍സ് അപേക്ഷയുമായി ബന്ധപ്പെട്ട് എജി രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തും.
പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഗവര്‍ണറോട് അനുമതി തേടിയിട്ട് മൂന്ന് മാസമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനം എടുത്തിരുന്നില്ല. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. വിജിലന്‍സിന്‍റെ അപേക്ഷ സര്‍ക്കാരാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. രണ്ടാഴ്‌ച മുമ്പ് വിജിലന്‍സ് ഡയറക്‌ടറെയും ഐജിയെയും ഗവര്‍ണര്‍ രാജ്ഭവനില്‍ വിളിപ്പിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പാണ് എജിയോടും അഭിപ്രായം തേടാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്. ഇതിനുശേഷമാകും ഇബ്രാഹിം കുഞ്ഞിനെ കേസില്‍ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഉണ്ടാവുക.