എറണാകുളം:സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും. എറണാകുളം ജെഎഫ്‌സിഎം മൂന്നാം കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ഇന്നലെയാണ് പ്രതികളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ തുടങ്ങിയത്. മൊഴിയെടുക്കൽ പൂർത്തിയായ ശേഷം സ്വർണ്ണകടത്ത് കേസ് പരിഗണിക്കുന്ന എസിജെഎം കോടതിക്ക് മുദ്രവെച്ച കവറിൽ സമർപ്പിക്കും. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി.
സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴി എടുക്കുന്നത് ഇന്നും തുടരും
കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ച്, ഡോളർക്കടത്ത് കേസിൽ സ്വപനയുടെയും സരിത്തിന്‍റെയും കസ്റ്റഡി ഡിസംബർ എട്ടാം തീയ്യതി വരെ എ.സി. ജെ.എം കോടതി നീട്ടിനൽകിയിട്ടുണ്ട്
ഡോളർകടത്ത് കേസിലെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ ചില കാര്യങ്ങൾ രഹസ്യമായി കോടതിയെ അറിയിക്കാനുണ്ടെന്ന് സ്വപ്നയും സരിത്തും നേരിട്ട് കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ അഭിഭാഷകർ മുഖേന എഴുതി നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പ്രതികളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി കസ്റ്റംസ് സി.ജെ.എം കോടതിയെ സമീപിച്ചത്. ഡോളർക്കടത്ത് കേസിലും ഇരുവരുടെയും രഹസ്യമൊഴി ഏഴാം തീയ്യതി രേഖപ്പെടുത്തും. അതേസമയം കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ച്, ഡോളർക്കടത്ത് കേസിൽ സ്വപനയുടെയും സരിത്തിന്‍റെയും കസ്റ്റഡി ഡിസംബർ എട്ടാം തീയ്യതി വരെ എ.സി.ജെ.എം കോടതി നീട്ടിനൽകിയിട്ടുണ്ട്.