എറണാകുളം:സ്വർണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതി സ്വപ്‌ന സുരേഷിന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. സ്വർണക്കടത്ത് കേസിലെ മറ്റു പ്രതികളായ സൈതലവി, സഞ്ജു എന്നിവരുടെ ജാമ്യാപേക്ഷയിലും ഇന്ന് വിധി പ്രസ്താവിക്കും. പ്രതികളുടെ ജാമ്യാപേക്ഷകളിൽ കോടതി കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ടിരുന്നു. പ്രതി സ്വപ്‌ന സുരേഷിന് വൻ സ്വാധീനമുള്ളതിനാൽ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകരുതെന്നാണ് കസ്റ്റംസ് നിലപാട്. സ്വപ്‌നയുടെ കുറ്റസമ്മത മൊഴിക്ക് പുറമെ ശക്തമായ തെളിവുകൾ ഉണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.
സ്വർണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
സ്വർണക്കടത്ത് കേസിലെ മറ്റു പ്രതികളായ സൈതലവി, സഞ്ജു എന്നിവരുടെ ജാമ്യാപേക്ഷയിലും ഇന്ന് വിധി പറയും.
നയ തന്ത്ര ബാഗിൽ സ്വർണമുണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് തിരിച്ചയക്കാൻ സ്വപ്‌ന ശ്രമിച്ചത്. ജാമ്യത്തിൽ വിട്ടാൽ കോൺസുലേറ്റിലടക്കം സ്വാധീനമുള്ള ഇവർ ഒളിവിൽ പോകാൻ സാധ്യതയുണ്ടന്നാണ് കസ്റ്റംസ് പ്രധാനമായും വാദിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രതികൾ വ്യാവസായിക അടിസ്ഥാനത്തിലാണ് കള്ളകടത്ത് നടത്തിയതെന്ന് മറ്റു പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. വിദേശത്തുള്ള പ്രതികൾ കൂടി പിടിയിലാകുന്നത് വരെ മറ്റു പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.
അതേസമയം പ്രമുഖരായ ചിലരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് കസ്റ്റംസ്. തിരുവനന്തപുരത്തെ ചാനൽ മേധാവി ഉൾപ്പടെയുള്ളവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസറ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ സ്വപ്‌ന സുരേഷ് കസ്റ്റംസിന് മൊഴി നൽകിയ സാഹചര്യത്തിലാണ് നടപടി.