സ്വർണവില കുതിക്കുന്നു; വിപണിയിൽ പവന് 26800 രൂപ
ഗ്രാമിന് 3350 രൂപയിലെത്തി. ഇത് സ്വർണത്തിന്‍റെ സര്‍വകാല റെക്കോഡ് വിലയാണ്
എറണാകുളം: രൂപയുടെ മൂല്യത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതോടെ ആഭ്യന്തര വിപണിയിൽ സ്വർണ വില കുതിക്കുകയാണ്. കേരള വിപണിയിൽ പവന് 26800 രൂപയാണ് ഇപ്പോൾ. ഗ്രാമിന് 3350 രൂപയിലെത്തി. ഇത് സ്വർണത്തിന്‍റെ സര്‍വകാല റെക്കോഡ് വിലയാണ്.
ജൂലൈ ആദ്യവാരത്തിൽ 24,920 രൂപയായിരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപക്കുളള തുടർച്ചയായ ഇടിവും യുഎസ് ചൈന വ്യാപാര തർക്കങ്ങൾ ഉണ്ടാക്കിയ സാഹചര്യങ്ങളും മൂലം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുവാൻ കാരണമായെന്ന് വ്യാപാരികൾ പറയുന്നു.
കർക്കിടക മാസത്തിലെ സ്വർണവില കുതിപ്പ് ചിങ്ങമാസവും ഓണവും വരുന്നതോടെ കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്നും, രണ്ടാഴ്‌ചയ്ക്കുള്ളിൽ പവന് 22,000 രൂപ വരെ കൈവരിക്കാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷത്തേക്കാൾ വിറ്റുവരവ് നേടിയ സാഹചര്യത്തിൽ ഓണവിപണിക്ക് കൂടുതൽ ഉപഭോക്താക്കൾ എത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.