എറണാകുളം:സ്‌പീക്കർ എ.എൻ ഷംസീറിന്‍റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട് കേസെടുത്തതിനെതിരെ എൻഎസ്എസ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. തിരുവനന്തപുരത്ത് നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിന്‍റെ പേരിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയത്. ഹർജി കോടതി വെള്ളിയാഴ്ച്ച (ആഗസ്റ്റ് 11ന്) വീണ്ടും പരിഗണിക്കാനായി മാറ്റി. അതുവരെ കേസിന്മേൽ തുടർ നടപടികൾ സ്വീകരിക്കില്ലെന്ന് സർക്കാർ വാക്കാൽ ഉറപ്പുനൽകിയിട്ടുണ്ട്.
എന്നാല്‍ കേസിന്‍റെ എഫ്ഐആർ അടക്കം സർക്കാരിന് ഹാജരാക്കേണ്ടി വരും. നാമജപ ഘോഷയാത്രക്ക് മുൻപ് കന്‍റോണ്‍മെന്‍റ് പൊലീസിൽ അനുമതി തേടിയിരുന്നതായി എന്‍എസ്‌എസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വിജയ ഭാനു കോടതിയിൽ വ്യക്തമാക്കി. മാത്രമല്ല, സമാധാനപരമായാണ് പ്രതിഷേധം നടത്തിയതെന്നും നിയമവിരുദ്ധമായി സംഘം ചേർന്നുവെന്നതടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും അദ്ദേഹം വാദമുന്നയിച്ചു. അതേസമയം നാമജ ഘോഷയാത്രയ്ക്ക് അനുമതി നൽകിയിരുന്നില്ലെന്നായിരുന്നു സർക്കാർ വാദം.
കേസും ഹര്‍ജിയും: ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കേസ് റദ്ദാക്കാനാവശ്യപ്പെട്ട് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചത്. എൻഎസ്എസ് വൈസ് പ്രസിഡന്‍റും കേസിലെ ഒന്നാം പ്രതിയുമായ സംഗീത് കുമാറാണ് ഹർജിക്കാരൻ. സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്നും എൻഎസ്എസ് വാദം ഉന്നയിച്ചിട്ടുണ്ട്. ഗണപതിക്കെതിരെ സ്‌പീക്കർ എ.എൻ ഷംസീർ വിവാദ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു (03.08.2023) എൻഎസ്എസ് നാമജപ ഘോഷയാത്ര സംഘടിപ്പിക്കുകയും വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയും ചെയ്‌തത്.