കേരളം

kerala

ETV Bharat / state

ഇറാൻ നാവിക സേന പിടിച്ചെടുത്ത എണ്ണക്കപ്പലിൽ 3 മലയാളികളും; മോചനത്തിനായി സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം - ഹൈബി ഈഡൻ

മൂന്ന് മലയാളികൾ ഉൾപ്പെടെ 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. മൂന്ന് ദിവസമായി ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.

ഇറാൻ  ഇറാൻ നാവിക സേന എണ്ണക്കപ്പൽ പിടിച്ചെടുത്തു  ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിൽ നാല് മലയാളികൾ  അഡ്വാന്‍റേജ് സ്വീറ്റ്  Four Malayalis trapped in oil tanker  Iran seized oil tanker  ഇറാൻ നാവിക സേന  പി രാജീവ്  ഹൈബി ഈഡൻ  Iran Navy
ഇറാൻ നാവിക സേന പിടിച്ചെടുത്ത കപ്പലിൽ മൂന്ന് മലയാളികൾ

By

Published : Apr 29, 2023, 6:43 PM IST

ഇറാൻ നാവിക സേന പിടിച്ചെടുത്ത കപ്പലിൽ മൂന്ന് മലയാളികൾ

എറണാകുളം: ഇറാന്‍ നാവിക സേന പിടിച്ചെടുത്ത എണ്ണ കപ്പലിലെ മലയാളികളുടെ കുടുംബങ്ങൾ ആശങ്കയിൽ. കപ്പലിലുള്ള മൂന്ന് മലയാളികളിൽ രണ്ടു പേർ കൊച്ചി സ്വദേശികളും ഒരാൾ മലപ്പുറം സ്വദേശിയുമാണ്. എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിന്‍, കടവന്ത്ര സ്വദേശി ജിസ്മോന്‍ ജോസഫ്, മലപ്പുറം സ്വദേശി സാം സോമന്‍ എന്നിവരുള്‍പ്പെടെ 24 പേരാണ് കപ്പലിലുള്ളത്.

വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇവരുടെ ബന്ധുക്കൾക്ക് മറുപടിയൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസമായി കപ്പലിലുള്ളവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കുവൈത്തില്‍ നിന്നും എണ്ണയുമായി യുഎസിലേക്ക് പോകുന്നതിനിടെയാണ് 'അഡ്വാന്‍റേജ് സ്വീറ്റ്' എന്ന എണ്ണക്കപ്പല്‍ ഇറാന്‍ നാവിക സേന പിടിച്ചെടുത്തത്.

ഇറാനിയൻ കപ്പലിൽ ഇടിച്ച് അപകടമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ഇറാനിയൻ നേവി മലയാളികൾ ഉൾപ്പടെ ജോലി ചെയ്യുന്ന കപ്പൽ പിടിച്ചെടുത്തത് എന്നാണ് സൂചന. ദിവസങ്ങള്‍ക്കു മുന്‍പ് ഇറാനിയന്‍ കപ്പലില്‍ മറ്റൊരു കപ്പല്‍ ഇടിച്ചതിനെത്തുടര്‍ന്ന് അതിലുള്ള ജീവനക്കാരെ കാണാതായെന്നും ഇതെത്തുടര്‍ന്നാണ് കപ്പല്‍ കസ്റ്റഡിയിൽ എടുത്തതെന്നും ഇറാന്‍ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

മാർഷൽ ഐലൻഡ്‌സിന്‍റെ പതാകയുള്ള 'അഡ്വാന്‍റേജ് സ്വീറ്റ്' എന്ന എണ്ണക്കപ്പൽ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പോകുകയായിരുന്നു. കപ്പൽ ഒമാൻ കടലിടുക്കിൽ വച്ചാണ് ഇറാൻ നേവി പിടികൂടിയത്. ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. കഴിഞ്ഞ ബുധനാഴ്‌ച രാത്രി ഒമ്പതിനാണ് കൂനമ്മാവ് സ്വദേശി എഡ്വിന്‍ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഇദ്ദേഹം വിളിക്കുകയോ അങ്ങോട്ട് ഫോണിൽ ബന്ധപ്പെടാനോ കഴിഞ്ഞിരുന്നില്ല.

കപ്പല്‍ കമ്പനിയുടെ മുംബൈയിലെ ഓഫിസില്‍ നിന്ന് വിളിച്ച് പറഞ്ഞപ്പോഴാണ് ഇറാന്‍ നാവിക സേന പിടികൂടിയ വിവരം തങ്ങളറിയുന്നതെന്ന് എഡ്വിന്‍റെ വീട്ടുകാര്‍ പറഞ്ഞു. കപ്പലിന്‍റെ നിയന്ത്രണം ഇറാന്‍ നേവി എറ്റെടുത്തിരിക്കുകയാണെന്നും കാരണമെന്തെന്ന് തങ്ങളെ കപ്പൽ കമ്പനി അറിയിച്ചിട്ടില്ലന്നും എഡ്വിന്‍റെ ബന്ധുക്കൾ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റിലാണ് എഡ്വിന്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങിയത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാമെന്നാണ് ഇവർ അറിയിച്ചത്.

എന്നാൽ വിദേശകാര്യ മന്ത്രാലയത്തിനും ഇന്ത്യന്‍ എംബസിക്കും തന്‍റെ സഹോദരനെയും സഹപ്രവർത്തകരെയും ഇറാൻ നാവിക സേന തടവിലാക്കിയെന്നും ഇവരുടെ മോചനത്തിനായി അടിയന്തരമായി ഇടപെടണം എന്നും ആവശ്യപ്പെട്ട് മെയില്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് എഡ്വിന്‍റെ സഹോദരന്‍ ആല്‍വിന്‍ പറയുന്നു.

ABOUT THE AUTHOR

...view details