എറണാകുളം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങൾ നിലനില്‍ക്കുന്നതിനാല്‍ പള്ളി ഏറ്റെടുത്ത് നൽകാനുള്ള കോടതി ഉത്തരവ് നടപ്പാക്കാനായില്ലെന്ന് പൊലീസ്. യാക്കോബായ വിഭാഗത്തിന്‍റെ ഭരണത്തിലിരിക്കുന്ന ഓടയ്ക്കാലി സെന്‍റ് മേരീസ് പള്ളി കൈമാറാനുള്ള നീക്കമാണ് നിലവിലെ സാഹചര്യത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് ഓർത്തഡോക്‌സ് വിഭാഗത്തിനെ പൊലീസ് അറിയിച്ചത്.
കോടതിവിധി പ്രകാരം പള്ളിയുടെ താക്കോൽ ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് മാസങ്ങള്‍ക്കുമുമ്പ് ജില്ലാകോടതി ഉത്തരവ് നൽകിയിരുന്നു. ഇതുപ്രകാരം പലവട്ടം പള്ളി ഏറ്റെടുത്ത് കൈമാറാൻ പൊലീസ് നീക്കം നടന്നിട്ടുണ്ട്. ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പ് ഇതിനായി പൊലീസ് നടത്തിയ നീക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും യാക്കോബായ വികാരിയടക്കം എതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. തുടര്‍ന്ന് പള്ളി കൈമാറുന്നത് സംബന്ധിച്ച ഉത്തരവില്‍ സ്വീകരിച്ച നടപടികളിൽ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി പൊലീസിനോട് നിര്‍ദേശിച്ചു.
വ്യാഴാഴ്ച കോടതിക്ക് പൊലീസ് റിപ്പോര്‍ട്ട് കൈമാറേണ്ടത്. ഈ സാഹചര്യത്തില്‍ പൊലീസ് പള്ളിയിലെത്തുമെന്നുള്ള നിഗമനം കണക്കിലെടുത്ത് ഇന്ന് രാവിലെ ഒരു വിഭാഗം യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ എത്തിയിരുന്നു. കൊവിഡ് 19 സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിനാല്‍ നടപടികള്‍ മാറ്റിവെക്കുന്നു എന്നാണ് പൊലീസ് അറിയിച്ചത്. പള്ളിയില്‍ യാക്കോബായ വിശ്വാസികള്‍ തമ്പടിച്ചിട്ടുണ്ടെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം ഇക്കൂട്ടര്‍ ലംഘിച്ചിരിക്കുകയാണെന്നും ഓര്‍ത്തഡോക്‌സ് പക്ഷം ആരോപണം ഉന്നയിച്ചെങ്കിലും പൊലീസ് ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല.
ബുധനാഴ്ച ഉള്‍പ്പടെ ഒമ്പത് തവണ പള്ളിയില്‍ പ്രവേശിക്കാനെത്തിയതെന്നും പല കാരണങ്ങള്‍ പറഞ്ഞ് പൊലീസ് ഇതുവരെ കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നും ഓര്‍ത്തഡോക്‌സ് പക്ഷം വികാരി ഫാദര്‍ ബിന്‍സെന്‍ സണ്ണി വ്യക്തമാക്കി. ഇന്ന് നേരിട്ട ദുരനുഭവം ബന്ധപ്പെട്ട അധികാരികളെ ബോധ്യപ്പെടുത്തുമെന്നും പള്ളിയില്‍ പ്രവേശിക്കുന്നതിനായി വീണ്ടുമെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കാന്‍ ശ്രമിയ്ക്കുന്നില്ലെന്നും ഇക്കാര്യത്തിലുള്ള പൊലീസ് നിലപാട് ഇരട്ടത്താപ്പാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ പറഞ്ഞു.
കൊവിഡ് 19 മാർഗനിർദേശങ്ങൾ പാലിച്ചു; പള്ളി കൈമാറാനുള്ള കോടതി ഉത്തരവ് നടപ്പാക്കാനായില്ലെന്ന് പൊലീസ് അങ്കണവാടികൾ പോലും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സാഹചര്യത്തില്‍ പള്ളി കൈമാറുന്നതിന് നീക്കം നടത്തിയാല്‍ അത് വലിയ ആള്‍ക്കൂട്ടം സൃഷ്‌ടിക്കുമെന്നും തുടര്‍ന്ന് വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നുമാണ് പൊലീസിന്‍റെ വിലയിരുത്തല്‍. പൊതുപരിപാടികൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ, വിവാഹ സല്‍ക്കാരം എന്നിവയുൾപ്പെടെ ആള്‍ക്കൂട്ടത്തിനിടയാക്കുന്ന എല്ലാ ചടങ്ങുകളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിർദേശമുണ്ട്. പൊലീസിന്‍റെ ഭാഗത്തുനിന്നും ഏറ്റെടുത്ത് കൈമാറാനുള്ള നീക്കം നടത്തിയാല്‍ അത് സര്‍ക്കരിന്‍റെ പ്രതിച്ഛായക്കുതന്നെ കളങ്കമാവുമെന്നുള്ള തിരിച്ചറിവിലാണ് ഉന്നതര്‍ ഇടപെട്ട് പൊലീസ് നീക്കം മരവിപ്പിച്ചതെന്നും സൂചനയുണ്ട്.