എറണാകുളം: മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാൻ തയ്യാറാണെന്ന് ഫ്ലാറ്റുടമകൾ. ജില്ലാ കളക്‌ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. കോടതി വിധിയെ മാനിക്കുന്നു. ജില്ലാ ഭരണകൂടവുമായി സഹകരിക്കും. നാലാം തീയ്യതിക്കകം ഫ്ലാറ്റുകളൊഴിയുമെന്നും മരട് ഭവന സംരക്ഷണ സമിതി ചെയർമാൻ അഡ്വ: ഷംസുദ്ധീൻ പറഞ്ഞു. കോടതി വിധിയുള്ളതിനാൽ ജില്ലാ ഭരണകൂടത്തിനുള്ള പരിമിതി മനസ്സിലാക്കുന്നു. ഫ്ലാറ്റുടമകൾ നടത്തുന്ന നിരാഹാര സമരവും അവസാനിപ്പിച്ചു.
മരടില്‍ നിരാഹാരം അവസാനിപ്പിച്ചു; ഒഴിയാൻ തയ്യാറായി ഫ്ലാറ്റ് ഉടമകൾ
ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിന് മുമ്പ് നഷ്‌ടപരിഹാരം സംബന്ധിച്ച് മൂന്നംഗ സമിതിയെ കൊണ്ട് പരിശോധിപ്പിക്കും. രണ്ടാഴ്‌ച കൊണ്ട് തന്നെ ആദ്യഘട്ട സഹായം ലഭ്യമാക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടന്നും ഫ്ലാറ്റുടമകൾ അറിയിച്ചു.
ഒഴിയുന്നത് വരെയുള്ള ദിവസങ്ങളിൽ വൈദ്യുതിബന്ധവും കുടിവെള്ള വിതരണവും പുനസ്ഥാപിക്കാൻ ചർച്ചയിൽ തീരുമാനമായി. ഒഴിയാനുള്ള നോട്ടീസുകൾ ഇതുവരെ ലഭിച്ചിട്ടില്ല. നോട്ടീസ് നൽകണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. പുനരധിവാസം സംബന്ധിച്ച് ഉന്നയിച്ച ആശങ്കകൾക്ക് പരിഹാരമായിട്ടുണ്ട്. 510 ബിൽഡേഴ്‌സിന്‍റെ ഫ്ലാറ്റുകളാണ് ജില്ലാ ഭരണകൂടം ഒഴിയാനായി നിർദ്ദേശിച്ചത്. എന്നാൽ തങ്ങൾ തന്നെ വാടക നൽകണമെന്ന നിർദ്ദേശത്തോട് യോജിക്കുന്നില്ല. സർക്കാർ തന്നെ നൽകണമെന്ന ആവശ്യമാണ് തങ്ങൾ ഉന്നയിച്ചത്. ജില്ലാ ഭരണകൂടം ഈ ആവശ്യമുന്നയിച്ച് സർക്കാറിന് കത്തെഴുതും. ഫ്ലാറ്റുകളിലെ ഉടമകളുടെ സാധന സാമഗ്രികൾ മാറ്റുന്നതിന് വാഹനങ്ങൾ ഉൾപ്പടെ ജില്ലാ ഭരണകൂടം ഏർപ്പെടുത്തും.
ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിന് മുമ്പ് നഷ്‌ടപരിഹാരം സംബന്ധിച്ച് മൂന്നംഗ സമിതിയെ കൊണ്ട് പരിശോധിപ്പിക്കും. രണ്ടാഴ്‌ച കൊണ്ട് തന്നെ ആദ്യഘട്ട സഹായം ലഭ്യമാക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടന്നും ഫ്ലാറ്റുടമകൾ അറിയിച്ചു. ജില്ലാ കലക്‌ടർ എസ്.സുഹാസ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷ്‌ണർ വിജയ് സാക്കറെ, മരട് നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള സ്നേഹിൽകുമാർ, എം. സ്വരാജ് എം.എൽ.എ, ഫ്ലാറ്റുടമകളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.