എറണാകുളം: സംസ്ഥാനത്തെ പാതയോരങ്ങളിൽ കൊടിമരം (Flagpole) സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. റോഡരികുകളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍ പത്തുദിവസത്തിനകം നീക്കം ചെയ്യണമെന്ന് നിർദേശിച്ച കോടതി പുതിയതായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനും വിലക്കേർപ്പെടുത്തി. പന്തളത്തെ മന്നം ഷുഗർ മില്ലിനു സമീപത്തെ കൊടിമരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
പത്ത് ദിവസത്തിനുള്ളിൽ കൊടിമരം സ്ഥാപിച്ചവർ തന്നെ സ്വമേധയാ നീക്കം ചെയ്‌തില്ലെങ്കിൽ ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് 42,337 കൊടിമരങ്ങളുള്ളതായാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതില്‍ നിയമവിരുദ്ധമായവ എത്രയെന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ സര്‍ക്കാരിന് കഴിഞ്ഞില്ല.