എറണാകുളം: റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് കേരളത്തിൽ ഇന്ന് തുടക്കം. കൊച്ചി നഗരത്തിലാണ് ഇന്ന് മുതൽ സേവനം ലഭിക്കുക. കൊച്ചി കോർപറേഷൻ പരിധിയിൽ ഇന്ന് വൈകിട്ട് മുതൽ സേവനം ലഭിച്ചു തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ സേവനം ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്.
കേരളത്തില്‍ ഇന്നുമുതൽ 5ജി: ജിയോ സേവനം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ
കഴിഞ്ഞ ഒക്‌ടോബർ ഒന്നിനാണ് രാജ്യത്ത് ആദ്യമായി ഫൈവ് ജി സേവനം ആരംഭിച്ചത്
റിലയൻസ് ജിയോ ആണ് 5 ജിയുമായി കേരളത്തിൽ ആദ്യമെത്തുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 5 ജി വിദ്യാഭ്യാസ, മെഡിക്കൽ, തൊഴിൽ മേഖലയിലടക്കം വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നതിൽ വിശദമായ അവതരണവും നടക്കും.
നാലാം തലമുറ സേവനത്തിന്‍റെ പത്ത് ഇരട്ടി വരെ ഡാറ്റ വേഗതയാണ് അഞ്ചാം തലമുറയിൽ പ്രതീക്ഷിക്കുന്നത്. ഫൈവ് ജി ഫോണുള്ളവർക്ക് ഫോണിലെ സെറ്റിംഗ്‌സിൽ മാറ്റം വരുത്തിയാൽ 5ജി ഉപയോഗിക്കാൻ കഴിയും. സേവനം ലഭ്യമാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്രസർക്കാർ പുറത്തുവിട്ടിരുന്നു. കേരളത്തിൽ കൊച്ചിയാണ് പട്ടികയിലുണ്ടായിരുന്നത്.