എറണാകുളം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്‍റെ ആദ്യഘട്ടം വിജയിച്ചുവെന്നതിന്‍റെ തെളിവാണ് പാർലമെന്‍റ് പാസാക്കിയ നിയമം വിശദീകരിക്കാൻ കേന്ദ്ര മന്ത്രിമാരടക്കം വീടുകൾ കയറുന്നതെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്‌ണുനാഥ്. ഡീൻകുര്യാക്കോസ് എം.പി നയിച്ച ലോങ് മാർച്ചിന്‍റെ രണ്ടാം ദിന സമാപന സമ്മേളനം കോതമംഗലം നെല്ലിക്കുഴിയിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോതമംഗലത്ത് നടന്ന പദയാത്ര യു.ഡി.എഫ്. നേതാവ് ജോണി നെല്ലൂർ ഫ്ലാഗ് ഓഫ് ചെയ്‌തു. പി.കെ.സജീവ്, ടി.എ.അഹ്മദ് കബീർ എം.എൽ.എ, വി.എച്ച്.മുഹമ്മദ് മൗലവി, ഫാ.ജോസ് പരത്തു വേലിൽ, ഇസ്‌മയിൽ സഖാഫി, കെ.പി.ബാബു തുടങ്ങിയവർ സംസാരിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്‍റെ ആദ്യഘട്ടം വിജയിച്ചെന്ന് പി.സി. വിഷ്‌ണുനാഥ്
ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തില്‍ ഇടുക്കി ലോകസഭാ മണ്ഡലത്തിൽ ജനുവരി 5 മുതൽ 11 വരെ വിവിധ നിയോജക മണ്ഡലങ്ങളിലായി പദയാത്രകൾ നടക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തില്‍ ഇടുക്കി ലോകസഭാ മണ്ഡലത്തിൽ പദയാത്രകൾ സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 5 മുതൽ 11 വരെ മണ്ഡലത്തിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി പദയാത്രകൾ നടക്കും. ആദ്യദിനം ഇടുക്കി ജില്ലയിലെ തൂക്കുപാലത്ത് നിന്നും നെടുംങ്കണ്ടം വരെയും, രണ്ടാം ദിനം കോതമംഗലം മുതൽ നെല്ലിക്കുഴി വരെയുമായിരുന്നു യാത്ര. 9 ന് വൈകുന്നേരം മൂന്ന് മണിക്ക് പേഴയ്ക്കാപ്പിള്ളിയിൽ നിന്ന് തുടങ്ങി ആനിക്കാട് കമ്പനിപ്പടി വരെയും, ജനുവരി 10 ന് വൈകുന്നേരം ഇരുമ്പുപാലത്ത് നിന്നും തുടങ്ങി അടിമാലി വരെയും പദയാത്രകൾ സംഘടിപ്പിക്കും. പദയാത്ര 11 ന് തൊടുപുഴയിലാണ് സമാപിക്കുക.