കേരളം

kerala

ETV Bharat / state

'ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും വിലക്കില്ല, പക്ഷേ അവരുമായി സഹകരിക്കില്ല'; കാരണം വ്യക്തമാക്കി ചലച്ചിത്ര സംഘടനകള്‍ - ശ്രീനാഥ് ഭാസി

മയക്കുമരുന്നിന് അടിമകളായ നടന്മാരുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകള്‍. ഇത്തരക്കാരുടെ പേരുവിവരങ്ങള്‍ സര്‍ക്കാറിന് നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി

Film Producers Association will not co operate  Film Producers Association  ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും വിലക്കില്ല  കാരണം വ്യക്തമാക്കി ചലച്ചിത്ര സംഘടനകള്‍  ചലച്ചിത്ര സംഘടനകള്‍  ഷെയ്ന്‍ നിഗം  ശ്രീനാഥ് ഭാസി  ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ
ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും വിലക്കില്ല, പക്ഷേ സഹകരിക്കില്ല

By

Published : Apr 26, 2023, 8:58 AM IST

മയക്കുമരുന്നിന് അടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകള്‍

എറണാകുളം:നടന്മാരായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകൾ. താരസംഘടന അമ്മ, സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക, നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ എന്നിവര്‍ അടങ്ങുന്ന സംയുക്ത യോഗത്തിലാണ് സുപ്രധാന തീരുമാനം.

ചില താരങ്ങൾ സിനിമയിലെ എഡിറ്റിങില്‍ ഇടപെടുന്നു, നിർമാതാക്കളുമായി കരാറിൽ ഏർപ്പെടുന്നില്ല, ഒരേസമയം ഒന്നിലധികം നിർമാതാക്കൾക്ക് തിയതി നൽകി ബുദ്ധിമുട്ടിക്കുന്നു തുടങ്ങി ആരോപണങ്ങൾ ഫെഫ്‌ക നേരത്തെ ഉന്നയിച്ചിരുന്നു. ഇത്തരത്തിലുള്ള താരങ്ങൾക്കെതിരെ പരാതി ലഭിച്ച സാഹചര്യത്തിൽ നിര്‍മാതാക്കളും താര സംഘടനയുമായും ചർച്ച നടത്തി തുടർനടപടികൾ അറിയിക്കുമെന്നും അറിയിച്ചിരുന്നു.

ഇതേത്തുടർന്നാണ്, ആരോപണവിധേയരായ താരങ്ങളുമായി സഹകരിക്കേണ്ടതില്ലന്ന് നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചത്. എന്നാൽ ഇരുവർക്കുമെതിരെ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലന്നും നിസ്സഹകരണമാണ് പ്രഖ്യാപിച്ചതെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ (കെഎഫ്‌പിഎ) പ്രസിഡന്‍റ് എം രഞ്ജിത്ത് പറഞ്ഞു.

അതേസമയം, സിനിമ സംഘടനകളുടെ തന്ത്രപരമായ ഈ നിലപാട് ഇരുവർക്കുമെതിരെ അനിശ്ചിതമായ അപ്രഖ്യാപിത വിലക്കായി മാറുമെന്നതിൽ സംശയമില്ല. മയക്കുമരുന്നിന് അടിമകളായ നടന്മാരുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ പേര് സര്‍ക്കാറിന് കൈമാറുമെന്നും സംഘടനകള്‍ വ്യക്തമാക്കി. നേരത്തെ ഇത്തരം സംഭവങ്ങൾ രഹസ്യമായിരുന്നെങ്കില്‍ ഇപ്പോൾ എല്ലാം പരസ്യമായാണ് നടക്കുന്നതെന്നും നിർമാതാക്കൾ വ്യക്തമാക്കി.

താര സംഘടനയില്‍ അംഗമല്ലാത്ത ശ്രീനാഥ് ഭാസി ഒരേസമയം പല സിനിമകളില്‍ കരാര്‍ ഒപ്പിടുന്നതായാണ് ആരോപണം. ഇത് നിര്‍മാതാക്കള്‍ക്ക് വലിയ പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് സെറ്റിട്ട ശേഷം, ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ട ശ്രീനാഥ് ഭാസിയെ അന്വേഷിച്ചപ്പോൾ അദ്ദേഹം ലണ്ടനിലാണ് എന്ന മറുപടിയാണ് ലഭിച്ചത്. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ശ്രീനാഥ് ഭാസിക്കെതിരെ സിനിമ സംഘടനകള്‍ക്ക് ലഭിച്ചത്.

പ്രതിഫലം കൂടുതൽ ആവശ്യപ്പെടുന്നു, ലൊക്കേഷനിൽ കൃത്യമായി എത്തുന്നില്ല. എഡിറ്റിങില്‍ ഉൾപ്പടെ ഇടപെടുന്നു തുടങ്ങിയ പരാതികളാണ് ഷെയ്‌ന്‍ നിഗത്തിനെതിരെ ഉയർന്നത്. ഇത്തരക്കാരെ ഇനിയും സഹിക്കാൻ കഴിയില്ലെന്നാണ് സിനിമ സംഘടനകൾ സംയുക്തമായി എടുത്ത തീരുമാനം.

അതേസമയം, സിനിമ തുടങ്ങുന്നതിന് മുന്‍പ് വ്യക്തമായ കരാര്‍ താരങ്ങളുമായി ഒപ്പുവയ്ക്കാറുണ്ട്. അതില്‍ താരത്തിന്‍റെ പ്രതിഫലം, ഡേറ്റുകള്‍, സിനിമയുടെ പ്രൊമോഷന്‍ എന്നിവ അടക്കം ഉള്‍കൊള്ളുന്നു. എന്നാല്‍ ഇത് അനുസരിക്കാന്‍ ചില താരങ്ങള്‍ തയ്യാറാകുന്നില്ല. ഇവരുമായി ഇനി സഹകരിക്കേണ്ടതില്ലന്നാണ് നിർമാതാക്കളുടെ തീരുമാനം.

ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ അമ്മ, ഫെഫ്‌ക, നിർമാതാക്കളുടേയും വിതരണക്കാരുടേയും സംഘടന ഭാരവാഹികള്‍ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

നേരത്തെയും മലയാളസിനിമ താരങ്ങൾക്കെതിരെ സമാന ആരോപണവുമായി ഫെഫ്‌ക രംഗത്തെത്തിയിരുന്നു. ചില താരങ്ങള്‍ നിർമാതാക്കളുമായി കരാറിൽ ഏർപ്പെടാതെ ഒരേ സമയം ഒന്നിലധികം സിനിമകൾക്ക് ഡേറ്റ് നൽകി പ്രതിസന്ധി സൃഷ്‌ടിക്കുന്നതായാണ് ഫെഫ്‌ക ഭാരവാഹികൾ അറിയിച്ചിരുന്നത്.

മലയാള സിനിമ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അടുത്തിടെ ഫെഫ്‌കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞിരുന്നു. 'സിനിമ കാണാൻ തിയേറ്ററുകളിലേക്ക് ആളുകൾ വരുന്നില്ല എന്നതാണ് പ്രശ്‌നം. ചില നടി നടന്മാർ സിനിമ ഷൂട്ടിങിന് വലിയ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്നു.' - ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

Also Read: താരങ്ങൾ സിനിമയുടെ എഡിറ്റിങ്ങിൽ അനാവശ്യമായി ഇടപെടുന്നു, കരാറിൽ ഒപ്പിടാൻ ചിലർ തയ്യാറാകുന്നില്ല; സിനിമ താരങ്ങൾക്കെതിരെ ഫെഫ്‌ക

ABOUT THE AUTHOR

...view details