എറണാകുളം: താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്ന കാര്യം ചർച്ച ചെയ്യാൻ താര സംഘടന അമ്മ ഉടൻ യോഗം ചേരും. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ഓൺലൈനായി യോഗം ചേരാനാണ് തീരുമാനം. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ താരങ്ങൾ പ്രതിഫലം വെട്ടി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ താരസംഘടനയ്ക്ക് കത്ത് അയച്ചിരുന്നു. അമ്മ, ഫെഫ്‌ക സംഘടനകളുടെ യോഗങ്ങളിൽ ഈ വിഷയം ചർച്ച ചെയ്ത ശേഷം അഭിപ്രായ സമന്വയമുണ്ടാക്കുകയാണ് നിർമാതാക്കളുടെ ലക്ഷ്യം.
താരങ്ങളുടെ പ്രതിഫലം; അമ്മയുടെ ഓൺലൈൻ യോഗം ഉടൻ ചേരും - Film actors' salary
നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ താരങ്ങൾ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നത് ചർച്ച ചെയ്യാനാണ് താര സംഘടന അമ്മ യോഗം ചേരുന്നത്
അതേ സമയം, താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ പരസ്യ പ്രസ്താവനയിൽ അമ്മ അംഗങ്ങൾക്കിടയിൽ വിയോജിപ്പുണ്ട്. ഈ ആവശ്യം നേരിട്ട് അറിയിച്ച് ചർച്ച ചെയ്താൽ മതിയായിരുന്നു എന്നാണ് അമ്മ അംഗങ്ങൾ അഭിപ്രായപ്പെട്ടത്. പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യം ന്യായമാണെന്ന് അഭിപ്രായപ്പെടുന്നവരും താരങ്ങൾക്കിടയിലുണ്ട്. നിർമാതാക്കളുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അമ്മ നേതൃത്വം, അംഗങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രവർത്തക സമിതി ചേർന്ന് വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചത്. അമ്മയുടെ ഈ മാസം നടക്കേണ്ട ജനറൽ ബോഡി യോഗവും കൊവിഡ് സാഹചര്യത്തിൽ മാറ്റിവെച്ചിരുന്നു. സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക നിർമാതാക്കളുടെ തീരുമാനവുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു.