എറണാകുളം: കൊവിഡ്19 ഭീതിക്കിടയിലും കൊച്ചിയിലെ പ്രളയ സഹായ പരാതി അദാലത്തിനെത്തി ദുരിത ബാധിതർ. പ്രളയ സഹായം നഷ്‌ടമാകാതിരിക്കാനാണ് എത്തിയതെന്ന് പരാതിക്കാർ ഇടിവി ഭാരതിനോട് പറഞ്ഞു. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ അദാലത്ത് മാറ്റിവെക്കേണ്ടതായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ പ്രളയത്തിൽ നഷ്‌ടം സംഭവിച്ചിട്ടും അർഹമായ സർക്കാർ സഹായം ലഭിക്കാത്തവർക്ക് വേണ്ടിയാണ് കൊച്ചിയിൽ പ്രളയ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചത്.
കൊവിഡ് ഭീതിക്കിടെ പ്രളയ സഹായ പരാതി അദാലത്ത്; മാറ്റിവെക്കണമായിരുന്നു എന്ന് പരാതിക്കാര്‍
അദാലത്തിന് വരാത്തതിന്‍റെ പേരിൽ സഹായം നഷ്‌ടമാവരുതെന്ന് കരുതിയാണ് എത്തിയതെന്ന് പരാതിക്കാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു
പരാതിക്കാർ മുൻകൂട്ടി ലഭിച്ച തീയതി അനുസരിച്ചാണ് രേഖകളുമായി അദാലത്ത് കേന്ദ്രത്തിലെത്തുന്നത്. പരിഗണിക്കുന്ന അപേക്ഷകൾ കേൾക്കുന്നതിനായി ദിവസം നിശ്ചയിച്ചു നൽകുകയാണ് ചെയ്യുക. കൊവിഡ് സാഹചര്യത്തിൽ അദാലത്ത് മാറ്റി വെക്കേണ്ടതായിരുന്നുവെന്ന് പരാതിയുമായെത്തിയ വിജയശ്രീ പറഞ്ഞു. ഇതുവരെ പ്രളയ സഹായമായ പതിനായിരം രൂപ പോലും ലഭിച്ചിട്ടില്ല. അദാലത്തിന് വരാത്തതിന്‍റെ പേരിൽ സഹായം നഷ്‌ടമാവരുതെന്ന് കരുതിയാണ് എത്തിയത്. കൊവിഡ് ഭീതിയെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. അതനുസരിച്ചുള്ള തീരുമാനമാണ് വേണ്ടിയിരുന്നതെന്നും വിജയശ്രീ പറഞ്ഞു.
അദാലത്ത് മാറ്റിവെക്കേണ്ടതായിരുന്നുവെന്ന് മറ്റൊരു പരാതിക്കാരനായ സന്തോഷ് പറഞ്ഞു. ഇന്ന് ഹാജരാകാതിരുന്നവർക്ക് മറ്റൊരു അവസരം ലഭിക്കില്ല. മറ്റൊരു ദിവസം വന്നാൽ മതിയോയെന്ന് അന്വേഷിച്ചവരോട് പറ്റില്ലെന്നാണ് ഉദ്യോഗസ്ഥർ മറുപടി നൽകിയതെന്നും അദേഹം പറഞ്ഞു. കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രായമായവരുൾപ്പടെ നിരവധി പേരാണ് പ്രളയ സഹായ പരാതി പരിഹാര അദാലത്തിനെത്തിയത്.