എറണാകുളം: എറണാകുളം മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാർഥി ഷാജി ജോർജ്ജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിറ്റി റേഷനിങ് ഓഫീസർക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പത്രികകളാണ് അദ്ദേഹം സമർപ്പിച്ചത്.
ഇടതുപക്ഷ സർക്കാറിന്‍റെ തുടർ ഭരണത്തിന് അനുകൂലമായ ജനവിധി എറണാകുളം മണ്ഡലത്തിലുണ്ടാകുമെന്ന് ഷാജിജോർജ്ജ് പറഞ്ഞു. തകർപ്പൻ അട്ടിമറി വിജയമാണ് പ്രതീക്ഷിക്കുന്നത്. ഓഖി മുതൽ കൊവിഡ് വരെയുള്ള പ്രതിസന്ധികളെ അതിജീവിക്കുന്നതിൽ പ്രധാന പങ്കു വഹിക്കാൻ പിണറായി വിജയൻ സർക്കാറിന് കഴിഞ്ഞു. ജനപക്ഷ വികസനത്തോടൊപ്പം ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചാണ് ഇടതുപക്ഷം ഭരിച്ചത്. ഭരണ തുടർച്ച ജനങ്ങൾ ആഗ്രഹിക്കുകയാണ്. ആവേശകരമായ പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്നും ഷാജി ജോർജ്ജ് പറഞ്ഞു.