എറണാകുളം: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി 30ന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ല ദുരന്ത നിവാരണ അതോറിറ്റി. മതപരമായ ചടങ്ങുകൾ ഉൾപ്പെടെ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിൽ അലംഭാവവും ക്വാറന്‍റൈനിൽ വിട്ടുവീഴ്ച്ചയും ഒരുതരത്തിലും പാടില്ലെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
ജനുവരി 1ന് ജില്ലയിൽ 400 പൊസിറ്റീവ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ 5-ാം തീയതി ആയിരവും 12ന് 2200ഉം കേസുകളായി. കഴിഞ്ഞ ദിവസം മാത്രം 3,204 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ജനുവരി 1ന് 5.38 ആയിരുന്ന ടിപിആറാണ് ജനുവരി 16ന് 36.87ലെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 33.59 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടാഴ്ചയ്ക്കുള്ളിൽ 3600ൽ നിന്നും 17,656ലേക്ക് ഉയർന്നു.
ഈ സാഹചര്യത്തിൽ ശ്വസനപ്രശ്‌നങ്ങളും പനിയുമായെത്തുന്ന എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. വാക്‌സിനേഷൻ ത്വരിതപ്പെടുത്തും. രണ്ടാം തരംഗ വേളയിലേതിന് സമാനമായ ചികിത്സ സൗകര്യങ്ങൾ പുനസ്ഥാപിക്കും. ജില്ലയിൽ സർവസജ്ജമായ കൊവിഡ് കൺട്രോൾ റൂം ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.