എറണാകുളം: ജില്ലയില്‍ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ക്ലോസ്‌ഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച തൃക്കാക്കര കരുണാലയം കോണ്‍വെന്‍റിലെ അന്തേവാസി ആനി ആന്‍റണി (77) ആണ് മരിച്ചത്. ഇന്നലെ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പ്രമേഹ രോഗത്തെ തുടർന്ന് ഇവരുടെ കാല്‍ മുറിച്ച് മാറ്റിയിരുന്നു. കിടപ്പ് രോഗിയായ ഇവര്‍ വളരെ അവശനിലയിൽ തുടരുന്നതിനിടയിലാണ് കൊവിഡ് ബാധിച്ചത്. ഇതോടെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കരുണാലയം കോൺവെന്‍റ് ക്ലോസ്‌ഡ് ക്ലസ്റ്ററായി പ്രഖാപിച്ചത്.
വീണ്ടും കൊവിഡ് മരണം; കരുണാലയം കോൺവെന്‍റില്‍ മരിച്ച അന്തേവാസിക്ക് കൊവിഡ്
ക്ലോസ്‌ഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച തൃക്കാക്കര കരുണാലയം കോണ്‍വെന്‍റിലെ അന്തേവാസി ആനി ആന്‍റണി (77) ആണ് മരിച്ചത്
നിലവിൽ 98 വയസ് വരെയുള്ള വയോജനങ്ങള്‍ കോണ്‍വെന്‍റില്‍ അന്തേവാസികളായുണ്ട്. ഭൂരിഭാഗവും 70 വയസിന് മുകളിലുള്ളവരാണ്. മറ്റ് രോഗങ്ങള്‍ പിടിപ്പെട്ടവരും കിടപ്പ് രോഗികളും ധാരാളമുണ്ട്. ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം മുതല്‍ കോണ്‍വെന്‍റിലെ ആദ്യനില കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററാക്കി മാറ്റിയിരുന്നു. കഴിഞ്ഞയാഴ്ച മരിച്ച വൈപ്പിന്‍ സ്വദേശിയായ സിസ്റ്റർ ക്ലയറിന്‍റെ സമ്പര്‍ക്കത്തിൽ നിന്നാണ് കരുണാലയത്തിൽ കൊവിഡ് വ്യാപനമുണ്ടായത്. ഇവരെ ശുശ്രൂക്ഷിച്ച കന്യാസ്ത്രികള്‍ക്കും അവര്‍ പോയ മറ്റ് കോണ്‍വെന്‍റുകളിലെ അന്തേവാസികള്‍ക്കും രോഗം ബാധിക്കുകയായിരുന്നു. കുഴിപ്പിളളി, കീഴ്‌മാട്, തൃക്കാക്കര കോണ്‍വെന്‍റുകളില്‍ ഇതുവരെ എഴുപതിലധികം പേരാണ് സമ്പര്‍ക്കം വഴി രോഗബാധിതരായത്. ജില്ലയിൽ രോഗവ്യാപനം ഗുരുതരമായ സാഹചര്യത്തില്‍ ആശ്രമം, മഠം, വയോജനങ്ങളെ പാര്‍പ്പിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.