കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ കര്‍ദിനാള്‍ ജോർജ് ആലഞ്ചേരി അനുകൂലികള്‍ പുതിയ അല്‍മായര്‍ സംഘടന രൂപീകരിച്ചു. വിമത വിഭാഗം കര്‍ദിനാളിന് എതിരെ നടത്തുന്ന പ്രചാരണത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാത്തലിക് ലെയ്റ്റി മൂവ്‌മെന്‍റ് എന്ന പേരില്‍ സംഘടന രൂപീകരിച്ചത്. തങ്ങളുടെ നിലപാട് വിശ്വാസികളെ ബോധ്യപ്പെടുത്തുന്നതിനായി രൂപീകരിച്ച സംഘടന അടുത്ത ആഴ്ച പള്ളികളില്‍ വിശദീകരണ യോഗം നടത്തും. ഭൂമി ഇടപാടും വ്യാജരേഖാ കേസും ഉപയോഗിച്ച് വിമത വിഭാഗം കര്‍ദിനാളിനെ വേട്ടയാടുന്ന സാഹചര്യത്തെ പ്രതിരോധിക്കുകയാണ് കര്‍ദിനാള്‍ അനുകൂലികളുടെ നീക്കം.
പുതിയ അല്‍മായര്‍ സംഘടനയുമായി ആലഞ്ചേരി അനുകൂല വിഭാഗം - പുതിയ അല്‍മായ സംഘടന
ഭൂമി ഇടപാടും വ്യാജരേഖാ കേസും ഉപയോഗിച്ച് വിമത വിഭാഗം കര്‍ദിനാളിനെ വേട്ടുയാടുന്നത് പ്രതിരോധിക്കുകയാണ് ലക്ഷ്യം.
എറണാകുളം അങ്കമാലി അതിരൂപതയില്‍ വിമത വൈദികര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായ നീക്കത്തിന് എഎംടി എന്ന പേരില്‍ അല്‍മായരുടെ സംഘടന രൂപീകരിച്ചിരുന്നു. സഭയുമായി ബന്ധപ്പെട്ട വിമതരുടെ നീക്കങ്ങളുടെ ചുക്കാന്‍ ഏറ്റെടുത്ത ഈ സംഘടനക്ക് വിശ്വാസികള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. വിവാദമായ വിഷയങ്ങളില്‍ കര്‍ദിനാളിന്‍റെ വിശദീകരണം ദുര്‍ബലമാക്കിയത് വിമത അല്‍മായ സംഘടനയായിരുന്നു. ഈ സാഹചര്യത്തിലാണ് വിമതരുടെ അതേ പാതയില്‍ കര്‍ദിനാള്‍ അനുകൂലികളുടെ പുതിയ മുന്നേറ്റം. കര്‍ദിനാളിനെതിരെ വിമതര്‍ നടത്തിയ വിശദീകരണ യോഗത്തിന് ബദലായി അടുത്ത ആഴ്‌ച അതിരൂപതക്ക് കീഴിലുള്ള ഫൊറോനകളില്‍ കാത്തലിക് ലെയ്റ്റി മൂവ്‌മെന്‍റും അല്‍മായരുടെ യോഗം വിളിച്ച് വിശദീകരണം നല്‍കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും വിവാദ വിഷയത്തില്‍ വിശദീകരണം നല്‍കുമെന്നും സൂചനയുണ്ട്. സത്യം ഇടവക വികാരിമാരെയും വിശ്വാസികളെയും ബോധ്യപ്പെടുത്താന്‍ സ്ഥിരം സിനഡും കര്‍ദിനാളിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ഞായറാഴ്‌ച പള്ളികളില്‍ വിശദീകരണ സര്‍ക്കുലര്‍ വായിക്കുമെന്നാണ് സൂചന.