എറണാകുളം:തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കുരുക്ക് മുറുകി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. കസ്റ്റംസിന്‍റെയും എന്‍.ഐ.എക്കും പിന്നാലെ മറ്റൊരു ദേശീയ അന്വേഷണ ഏജന്‍സി കൂടി ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് കേസിലുള്ള സംശയങ്ങള്‍ ഇഡി ഉന്നയിച്ചിരിക്കുന്നത്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചത്. ശിവശങ്കര്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ ഇടപെടല്‍. ശിവശങ്കര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ അന്വേഷണം.
ശിവശങ്കറിന് കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റും
എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് കേസിലുള്ള സംശയങ്ങള്‍ ഇഡി ഉന്നയിച്ചിരിക്കുന്നത്
പ്രളയ ദുരിതാശ്വാസ പ്രവർത്തനകൾക്ക് സഹായം സ്വരൂപിക്കാൻ ദുബായിലെത്തിയ വേളയിൽ സ്വപ്നയും ശിവശങ്കറും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്താൻ സ്വപ്നയെ കൂടുതൽ ചോദ്യം ചെയ്യണമെന്നും നാല് ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും ഇ.ഡി. ആവശ്യപ്പെട്ടു. വ്യക്തമായ കാരണമില്ലാതെ കസ്റ്റഡി അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയെങ്കിലും, പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരുടെ ഇ.ഡി കസ്റ്റഡി പതിനേഴാം തീയ്യതിവരെ നീട്ടി.
അതേസമയം തുടർച്ചയായി ചോദ്യം ചെയ്ത് മാനസികമായി സ്വപ്നയെ പീഡിപ്പിക്കുകയാണെന്ന് പ്രതിഭാഗം ആരോപിച്ചു. പ്രതികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ഇഡിക്ക് കോടതി മുന്നറിയിപ്പ് നൽകി. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ മാത്രമോ ചോദ്യം ചെയ്യാവൂവെന്നും കോടതി നിർദേശിച്ചു.