എറണാകുളം :ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയതിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചു. ആനക്കൊമ്പ് കേസ് പിൻവലിക്കാനായി അനുമതി വേണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി നേരത്തെ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ആനക്കൊമ്പ് കേസ് : സർക്കാരിന്‍റെ ഹർജി തള്ളിയതിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ - പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി
2012 ൽ മോഹന്‍ലാലിന്‍റെ തേവരയിലെ വീട്ടിൽ നിന്നും നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തതാണ് കേസ്. ഇത് പിൻവലിക്കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു
പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. വസ്‌തുതകളോ നിയമവശങ്ങളോ പരിശോധിക്കാതെയാണ് സർക്കാർ ഹർജി, കീഴ്‌ക്കോടതി തള്ളിയത്. മാത്രവുമല്ല, തനിക്കെതിരെ കേസിൽ തെളിവുകൾ ഇല്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാനായി അനുമതി തേടി അപേക്ഷ നൽകിയതെന്നും ഹർജിയിൽ മോഹൻലാൽ പറയുന്നു. നടന് ആനക്കൊമ്പ് കൈമാറിയ പിഎൻ കൃഷ്‌ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
2012 ൽ ലാലിന്‍റെ തേവരയിലെ വീട്ടിൽ നിന്നും നാല് ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് റെയ്‌ഡിലൂടെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജൂണിൽ, നടനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി മജിസ്ട്രേറ്റ് കോടതി തള്ളുകയും കേസുമായി മുന്നോട്ടുപോകാൻ ഉത്തരവിടുകയുമായിരുന്നു. വനം വന്യജീവി സംരക്ഷണ നിയമപ്രകാരം മോഹൻലാലിനെ ഒന്നാം പ്രതിയാക്കി രജിസ്‌റ്റര്‍ ചെയ്‌ത കേസിൽ 2019 ലാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്.