എറണാകുളം: ഇടത് മുന്നണിയെ തുടർ ഭരണത്തിലേക്ക് നയിച്ച ഇടത് തരംഗത്തിനിടയിലും എറണാകുളം ജില്ലയിൽ ആശ്വാസം വിജയങ്ങള്‍ നേടി യുഡിഎഫ്. ആകെയുള്ള പതിനാല് മണ്ഡലങ്ങളിൽ ഒമ്പത് മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. തരംഗത്തിനൊപ്പമുയർന്നില്ലെങ്കിലും കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകൾ നിലനിർത്താൻ എൽഡിഎഫിനും കഴിഞ്ഞു. ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന തൃപ്പൂണിത്തുറ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു.ശബരിമല വിഷയം ചർച്ചാ വിഷയമാക്കിയാണ് തൃപ്പൂണിത്തുറയില്‍ കെ ബാബു വിജയിച്ചത്. പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തേ തീരുവെന്നാണ് കെ ബാബു പ്രതികരിച്ചത്.
കേവലം 992 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം സ്വരാജിനെ കെ ബാബു പരാജയപ്പെടുത്തിയത്. അതേസമയം ബിജെപി വോട്ടുകളിലുണ്ടായ കുറവ് വോട്ട് കച്ചവടമെന്ന ആരോപണത്തിനും കാരണമാവുകയാണ്. കഴിഞ്ഞ തവണ എൽദോ എബ്രഹാമിനെ വിജയിപ്പിച്ച മൂവാറ്റുപുഴയിൽ മാത്യു കുഴൽ നാടൻ യുഡിഎഫിന് വിജയം സമ്മാനിച്ചു. 5468 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു മൂവാറ്റുപുഴ യുഡിഎഫ് തിരിച്ചുപിടിച്ചത്. എൽഡിഎഫ് കഴിഞ്ഞ തവണ കഷ്ടിച്ചുമാത്രം വിജയിച്ച കൊച്ചി മണ്ഡലത്തിൽ 14079 വോട്ടിൻ്റെ ഉജ്ജ്വല വിജയമാണ് കെജെ. മാക്സി നേടിയത്. കൊച്ചി മണ്ഡലത്തിൽ ട്വന്റി ട്വന്റി നേടിയ 19676 വോട്ടും യുഡിഎഫിനെ പ്രതികൂലമായി ബാധിച്ചു. പാലാരിവട്ടം പാലം അഴിമതി ഏറ്റവും കൂടുതൽ ചർച്ചാവിഷയമായ കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി ഇ അബ്ദുള്‍ ഗഫൂറിനെ 15536 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് പരാജയപ്പെടുത്തിയത്.