എറണാകുളം:എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് ഈ മാസം 27 വരെ പ്രതിയെ റിമാന്‍ഡ് ചെയ്‌തത്. കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നായിരുന്നു പ്രതിയെ എൻഐഎ കോടതിയിൽ ഹാജരാക്കിയത്.
കസ്‌റ്റഡി നീട്ടുന്നത് ഇങ്ങനെ:കേസ് ഏറ്റെടുത്ത ശേഷം 11 ദിവസമാണ് എൻഐഎ ഷാറൂഖിനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തത്. പ്രതിയുടെ ഡൽഹി ഷഹീൻ ബാഗിലെ വീട്ടിൽ കഴിഞ്ഞ ദിവസം എൻഐഎ പരിശോധന നടത്തുകയും ചെയ്‌തിരുന്നു. പ്രതി ഷാറൂഖ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തണമെന്നും എൻഐഎ നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു. കേസ് ഏറ്റെടുത്ത ശേഷം മെയ് രണ്ടിനായിരുന്നു എൻഐഎ പ്രതിയെ ഒരാഴ്‌ചത്തെ കസ്‌റ്റഡിയിൽ വാങ്ങിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്‌റ്റഡി അപേക്ഷ പരിഗണിച്ച് നാല് ദിവസം കൂടി കസ്‌റ്റഡിയിൽ വിടുകയായിരുന്നു.
നിര്‍ണായക കണ്ടെത്തലുകള്‍:പ്രതി വിപിഎൻ ഉപയോഗിച്ച് നടത്തിയ ഇന്‍റർനെറ്റ് സെർച്ചുകളിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഷാറൂഖ് സെയ്‌ഫിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ മിറർ കോപ്പികൾ പരിശോധിച്ചതിൽ നിന്ന്, വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഷാറൂഖ് സെയ്‌ഫിയെ കൊച്ചിയിലെ എൻഐഎ ആസ്ഥാനത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും പ്രതി മിനറൽ വാട്ടര്‍ കുപ്പിയിൽ പെട്രോൾ വാങ്ങിയ ഷൊർണൂർ റെയിൽവേ സ്‌റ്റേഷനടുത്തുള്ള പെട്രോൾ പമ്പിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്‌തിരുന്നു. കുറ്റകൃത്യത്തിന് പുറമെ ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ ബന്ധം, ഭീകര സംഘടനകളുടെ സഹായം, ഇത്തരമൊരു കൃത്യത്തിന് കേരളം തെരഞ്ഞെടുത്തത് എന്തിന് തുടങ്ങിയ കാര്യങ്ങളിലും എൻഐഎ അന്വേഷണം നടത്തി വരികയാണ്.
അന്വേഷണം ഡല്‍ഹിയിലേക്കും:പ്രതിയുടെ വീട് ഉൾപ്പെടുന്ന ഡൽഹി ഷഹീൻബാഗ് കേന്ദ്രീകരിച്ചും എൻഐഎ വിപുലമായ അന്വേഷണമാണ് നടത്തിയത്. കേരള പൊലീസ് നടത്തിയ 12 ദിവസത്തെ അന്വേഷണത്തിൽ ലഭിച്ച കാര്യങ്ങൾ ഉൾപ്പടെ സൂക്ഷ്‌മമായി പരിശോധിച്ച് തന്നെയാണ് എൻഐഎ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. തീവ്രവാദ ബന്ധം സംശയിക്കുന്ന എലത്തൂർ കേസിൽ ഇത്തരം കേസുകൾ അന്വേഷിച്ച് പരിചയമുള്ള ഏജൻസി അന്വേഷിക്കുന്നതായിരിക്കും ഫലപ്രദമാവുകയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേസ് എൻഐഎ ഏറ്റെടുത്തത്.