കേരളം

kerala

ETV Bharat / state

കൊച്ചി ഇന്നും പുകഞ്ഞ് തന്നെ; പത്താം ദിവസവും പുക ശമിപ്പിക്കാനുള്ള ശ്രമം തുടരുന്നു - എറണാകുളം ജനറല്‍ ആശുപത്രി

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ പടര്‍ന്ന തീ പൂര്‍ണമായി അണക്കാന്‍ സാധിച്ചു. എന്നാല്‍ തീപിടിത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന പുക ശമിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോഴും തുടരുന്നത്. നഗരത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട 678 പേര്‍ ചികിത്സ തേടി

Brahmapuram plant fire  efforts to extinguish the smoke  Kochi waste plant fire  Brahmapuram plant fire controversy  കൊച്ചി  പുക ശമിപ്പിക്കാനുള്ള ശ്രമം തുടരുന്നു  പുക ശമിപ്പിക്കാനുള്ള ശ്രമം  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ പടര്‍ന്ന തീ  തീപിടിത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന പുക  ഹൈക്കോടതി  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്  എറണാകുളം ജനറല്‍ ആശുപത്രി  നേവിയുടെ എയര്‍ ഡ്രോപ്പിങ് ഓപറേഷന്‍
Brahmapuram plant fire

By

Published : Mar 11, 2023, 12:33 PM IST

Updated : Mar 11, 2023, 1:44 PM IST

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി 10-ാം ദിവസവും കൊച്ചിയിൽ തുടരുകയാണ്. തീ പൂർണമായും നിയന്ത്രണ വിധേയമായെങ്കിലും പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിൽ നിന്നും പുക ഉയരുന്നത് തടയാനുള്ള പ്രവർത്തനങ്ങള്‍ നിലവില്‍ പുരോഗമിക്കുന്നു. തീപിടിത്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്‍റെ ഭാഗമായി കോടതി നിയോഗിച്ച നിരീക്ഷണ സമിതി അംഗങ്ങൾ ഇന്ന് വൈകുന്നേരം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് സന്ദർശിക്കും.

തുടർന്ന് നിലവിലെ സാഹചര്യം കോടതിയെ അറിയിക്കും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടും കോടതിക്ക് കൈമാറും. അതേസമയം പുക ശല്യം എന്ന് പരിഹരിക്കാൻ കഴിയുമെന്നതിൽ അധികൃതർക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. അഞ്ചു മീറ്ററോളം അടിയിലേക്ക് തീ പടര്‍ന്നതു കൊണ്ടാണ് പ്രതീക്ഷിച്ച വേഗതയില്‍ തീയണയ്ക്കാന്‍ കഴിയാത്തതെന്നാണ് കോർപറേഷനും ജില്ല ഭരണകൂടവും വിശദീകരിക്കുന്നത്.

ചികിത്സ തേടിയത് 678 പേര്‍: നഗരത്തിൽ ഉൾപ്പെടെ പുക പടർന്നതിനെ തുടർന്ന് ഇതുവരെ 678 പേരാണ് ചികിത്സ തേടിയത്. ഇതിൽ 421 പേരും ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ക്യാമ്പുകളില്‍ എത്തിയവരാണ്. ഫയര്‍ ആന്റ് റെസ്‌ക്യൂ, കെഎസ്‌ഇബി, പൊലീസ്, തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ക്യാമ്പുകളിൽ ചികിത്സ തേടിയിട്ടുണ്ട്. 17 പേര്‍ മാത്രമാണ് ഇന്‍പേഷ്യന്‍റ് ആയി ചികിത്സ തേടിയത്.

രണ്ട് പേരാണ് ഐസിയുവിന്‍റെ സഹായം തേടിയത്. ഇവരുടെ സ്ഥിതി തൃപ്‌തികരമാണ്. പൊതുവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. സ്‌മോക്ക് ഐസിയുകള്‍ തുറന്നിട്ടുണ്ട്. രണ്ട് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം ആരംഭിച്ചു.

ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പുക ശമിപ്പിക്കുന്നതിന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുന്നു. നാലു മീറ്റര്‍ വരെ താഴ്‌ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. 52 ഹിറ്റാച്ചികൾ എത്തിച്ചാണ് ഈ പ്രവർത്തനം നടക്കുന്നത്.

നിലവില്‍ 30 ഫയര്‍ ടെന്‍ഡറുകളും ഇരുന്നൂറോളം അഗ്‌നിരക്ഷ സേനാംഗങ്ങളുമാണ് സേവനരംഗത്തുള്ളത്. ഒരു മിനിറ്റില്‍ 60,000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഇതിനു പുറമേ നേവിയുടെ എയര്‍ ഡ്രോപ്പിങ് ഓപറേഷന്‍ ഇന്നും തുടരുകയാണ്. രാത്രി സമയവും തീയണക്കാനുള്ള പ്രവർത്തനം നടത്തിയിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസമായി തീയണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമെത്തി ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്‌താണ് ജീവനക്കാരുടെ വൈദ്യപരിശോധന നടത്തുന്നത്. വായുവിന്‍റെ ഗുണനിലവാരവുമായി ബന്ധപ്പട്ട് ആശങ്കപ്പെടേണ്ടതില്ലന്ന് ജില്ല ഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് വാല്യു കുറഞ്ഞു വരുന്നുണ്ട്. നിലവില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുന്‍കരുതലിന്‍റെ ഭാഗമായി ശ്വാസകോശ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മാലിന്യ നീക്കം പുനരാരംഭിച്ചു:അതേസമയം നഗരത്തിലെ മാലിന്യ നീക്കം പുനരാരംഭിച്ചു. വീടുകൾ, ഫ്ലാറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യ നീക്കം 10 ദിവസമായി നിലച്ചിരിക്കുകയായിരുന്നു. ഇതും നഗരത്തിൽ പുതിയ പ്രതിസന്ധിക്ക് കാരണമായ സാഹചര്യത്തിലാണ് വീടുകളിലും ഫ്ലാറ്റുകളിലും കെട്ടിക്കിടക്കുന്ന ജൈവ മാലിന്യം ശേഖരിച്ച് തുടങ്ങിയത്. ഇത്തരത്തിൽ ശേഖരിച്ച മാലിന്യങ്ങൾ ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടിത്തമില്ലാത്ത മേഖലയിലാണ് എത്തിച്ചത്. മാലിന്യ വണ്ടികൾ തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പൊലീസ് സഹായത്തോടെ ബ്രഹ്മപുരത്തേക്ക് കടത്തി വിടുകയായിരുന്നു.

ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ ജൈവ മാലിന്യ സംസ്‌കരണത്തിന് അമ്പലമേട്ടിൽ സ്ഥലം കണ്ടെത്തിയിരുന്നു എങ്കിലും ഇവിടെ മാലിന്യമെത്തിച്ചിരുന്നില്ല. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജൈവ മാലിന്യം താത്‌കാലികമായി സംസ്‌കരിക്കുമെന്നും അറിയിച്ചിരുന്നു.

തീപിടിത്തത്തിന് പിന്നാലെ പുകയുന്ന ആരോപണങ്ങള്‍: കോർപറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ മാർച്ച് രണ്ടിന് വൈകുന്നേരം നാലു മണിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രഹ്മപുരത്ത് നിരവധി തവണ തീപിടിത്തമുണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം ഒന്നോ രണ്ടോ ദിവസത്തിനിടയിൽ തീ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നു.

എല്ലാം വർഷവും മാർച്ച് ഏപ്രിൽ മാസങ്ങളിൽ തീപിടിത്തം ആവർത്തിക്കപ്പെടുന്നതിനെ തുടർന്ന് ഇത് തീയിടുന്നതാണെന്ന വിമർശനവും ശക്തമായിരുന്നു. എന്നാൽ ശക്തമായ ചൂടിൽ മീഥൈൽ വാതകം രൂപപ്പെടുകയും എളുപ്പത്തിൽ തീപിടിത്തം ഉണ്ടാവുന്നതിന് കാരണമാകുന്നതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. അതേസമയം തീപിടിത്ത സാധ്യത തങ്ങൾ ചൂണ്ടികാണിച്ചതാണെന്നും മേയർ ഇത് അവഗണിച്ചതായും പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നു.

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കരാറുകളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണവും പ്രതിപക്ഷം ശക്തമാക്കിയിരിക്കുകയാണ്. മാർച്ച് മാസത്തിൽ നിലവിൽ ജൈവ മാലിന്യ സംസ്‌കരണ പ്രവർത്തനം നടത്തിയിരുന്ന സ്റ്റാർ കമ്പനിയുടെ കാലാവധി അവസാനിക്കാനിരിക്കെ ഫെബ്രുവരി 20ന് മാത്രമാണ് പുതിയ ടെണ്ടർ വിളിച്ചതെന്നും പ്രതിപക്ഷം ചൂണ്ടികാണിക്കുന്നു. സിപിഎം പ്രാദേശിക നേതാക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കരാർ ലഭിക്കുന്നതിന് വേണ്ടി കൊച്ചി മേയർ അനിൽ കുമാർ കൂട്ടു നിന്നുവെന്ന് മുൻ മേയറും കോൺഗ്രസ് നേതാവുമായ ടോണി ചമ്മണി ഉൾപ്പടെയുള്ളവർ ആരോപണം തുടരുകയാണ്. ബ്രഹ്മപുരത്തെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായാലും ഇതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും രാഷ്‌ട്രീയ ആരോപണങ്ങളും ഏറെ നാൾ തുടരാനാണ് സാധ്യത.

Last Updated : Mar 11, 2023, 1:44 PM IST

ABOUT THE AUTHOR

...view details