എറണാകുളം:ഷെയിൻ നിഗത്തിനെതിരെ നിർമ്മാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയ സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഷെയിനിൻ്റെ മാതാവ് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്ക് കത്തു നൽകി. വിലക്കിന് ആസ്പദമായ സംഭവത്തെകുറിച്ചുള്ള വിശദീകരണം ഉൾപ്പെടുത്തി എട്ട് പേജുള്ള കത്താണ് ഇടവേള ബാബുവിന് കൈമാറിയത്. ഷെയിൻ നിഗത്തിത്തിൻ്റെ പ്രശ്നം പരിഹരിക്കുന്നതിനായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായും ഫെഫ്കയുമായും ചർച്ച നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കത്ത് ലഭിച്ച ശേഷം ഇടവേള ബാബു പ്രതികരിച്ചു. പരാതി എന്നതിനപ്പുറം സംഭവത്തെ കുറിച്ചുള്ള വിശദീകരണമാണ് കത്തിൽ ഉള്ളതെന്നും അതേസമയം ഷെയിൻ ചെയ്ത തെറ്റ് ന്യായീകരിക്കുന്നില്ലെന്നും ഇടവേള ബാബു പറഞ്ഞു.
ഷെയിൻ നിഗത്തിൻ്റെ വിലക്ക്; പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായും ഫെഫ്കയുമായും ചർച്ച നടത്തുമെന്ന് ഇടവേള ബാബു
ഷെയിനിന്‍റെ മാതാവ് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്ക് കത്തു നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു ഇടവേള ബാബു
ഫിലിം സൈറ്റിൽ നിന്നും ഇറങ്ങി പോരുന്നതിനു മുൻപ് അമ്മയുമായി ഇത്തരം കാര്യങ്ങൾ ആലോചിച്ചിരുന്നെങ്കിൽ ഇത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കാമായിരുന്നെന്നും ഇടവേള ബാബു വ്യക്തമാക്കി. താരസംഘടനയായ അമ്മയ്ക്ക് ഔദ്യോഗികമായ കത്ത് ലഭിച്ചതോടെ മറ്റു സിനിമാ സംഘടനകളുമായി ഉടൻ തന്നെ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനാകും ഇനി ശ്രമിക്കുക. മുടി വെട്ടി പ്രതിഷേധിച്ചത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണെന്ന് പ്രതികരിച്ച ഇടവേള ബാബു സംഘടനയുടെ ഔദ്യോഗിക ഭാരവാഹികളുമായി ചർച്ച നടത്തിയതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. ഇന്നലെയാണ് നിർമാതാക്കളുടെ സംഘടന ഷെയ്ൻ നിഗത്തിനെതിരെ വിലക്കേർപ്പെടുത്തിയത്.