എറണാകുളം :കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മർദിച്ചെന്ന പി ആർ അരവിന്ദാക്ഷന്‍റെ (PR Aravindakshan) പരാതി തള്ളി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate). ചോദ്യം ചെയ്യൽ നടത്തിയത് ക്യാമറയ്‌ക്ക് മുന്നിലാണ്. പൂർണമായും സിസിടിവി നിരീക്ഷണമുള്ള ഓഫിസിൽ വച്ച് ഉദ്യോഗസ്ഥർ മർദിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്നാണ് ഇഡി നിലപാട്.
സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ പരാതിയിൽ പൊലീസ് ഇഡി ഓഫിസിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതേ കുറിച്ച് ഇഡി ആസ്ഥാനവുമായി കൊച്ചിയിലെ ഉദ്യോഗസ്ഥർ ആശയവ വിനിമയം നടത്തിയിട്ടുണ്ട്. തുടർന്ന് കരുവന്നൂർ കേസിൽ അന്വേഷണം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകാനും പൊലീസ് നടപടികളെ നിയമപരമായി നേരിടാനുമാണ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചത്.
ഇഡിക്കെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ പൊലീസ് നിയമോപദേശം തേടി. പ്രാഥമിക പരിശോധനയെ തുടർന്നാണ് പൊലീസ് തുടർനടപടികളിലേക്ക് കടക്കുന്നത്. കഴിഞ്ഞ ദിവസം (സെപ്‌റ്റംബര്‍ 20) വൈകുന്നേരത്തോടെയായിരുന്നു എറണാകുളം സെൻട്രൽ പൊലീസ് കൊച്ചിയിലെ ഇഡി ഓഫിസിലെത്തി പരാതിയിൽ വിവരങ്ങൾ തേടിയത്.
പരാതിയിലെ ആരോപണം : കരുവന്നൂർ കേസിൽ (Karuvannur Bank Scam) ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് ഇഡി ഉദ്യോഗസ്ഥർ തന്നെ മർദിച്ചുവെന്നാണ് പി ആർ അരവിന്ദാക്ഷൻ എറണാകുളം സെൻട്രൽ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പല തവണ തന്നെ മൊഴിയെടുക്കാൻ ഇഡി വിളിപ്പിച്ചിരുന്നു. അന്വേഷണവുമായി സഹകരിച്ച തന്നെ, കഴിഞ്ഞ ദിവസം അവർ പറയുന്നതിന് അനുസരിച്ച് മൊഴി നൽകാത്തതിന്‍റെ പേരിൽ മർദിക്കുകയായിരുന്നു.