കേരളം

kerala

ETV Bharat / state

സ്വര്‍ണക്കടത്ത് കേസ് : സ്വപ്‌നയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു - ED questions the swapna suresh again

നേരത്തെ സ്വപ്‌ന നല്‍കിയ മൊഴി പരിശോധിച്ച ശേഷമാണ് വീണ്ടും ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്

സ്വര്‍ണക്കടത്ത് കേസ്  സ്വപ്‌നയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു  എറണാകുളം  മുഖ്യമന്ത്രി പിണറായി വിജയന്‍  ED questions the swapna again  ED questions the swapna suresh again  swapna suresh
സ്വപ്‌നയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു

By

Published : Jun 27, 2022, 3:29 PM IST

എറണാകുളം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു. കേസില്‍ സ്വപ്‌ന നല്‍കിയ രഹസ്യ മൊഴിയിൽ വ്യക്തത വരുത്താനാണ് മൂന്നാം തവണയും ചോദ്യം ചെയ്യല്‍. പ്രമുഖര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഇ.ഡിക്ക് തെളിവ് നൽകിയോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതേക്കുറിച്ച് പറയാനാകില്ലെന്നും അന്വേഷണത്തിന്‍റെ ഭാഗമാണെന്നും സ്വപ്‌ന പ്രതികരിച്ചു.

ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘവും ഇന്ന്(ജൂണ്‍ 27) സ്വപ്‌നയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. കെ.ടി.ജലീലിന്‍റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. സരിത, ഷാജ് കിരൺ പോലുളളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയത്. ഇതിനെ നിയമപരമായി ചോദ്യം ചെയ്യും.

ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുമെന്ന് ഭയക്കുന്നുണ്ടോയെന്ന ചോദ്യത്തിന് താൻ ജയിലിൽ കിടന്ന ആളല്ലേയെന്നായിരുന്നു മറുപടി. സോളാര്‍ കേസ് പ്രതി സരിത നായര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്നും സ്വപ്‌ന പറഞ്ഞു. നേരത്തെ രണ്ട് ദിവസങ്ങളിലായി സ്വപ്‌ന നൽകിയ മൊഴി പരിശോധിച്ച ശേഷമാണ് ഇ.ഡി വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

സ്വപ്‌നയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു

ഇ.ഡി കൊച്ചി സോൺ അഡിഷണൽ ഡയറക്‌ടർ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. നേരത്തെ കോടതിയിൽ രഹസ്യമൊഴി നൽകിയ കാര്യങ്ങൾ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിലും സ്വപ്‌ന ആവർത്തിച്ചതായാണ് സൂചന. ഇരുപത്തിയേഴ് പേജുള്ള രഹസ്യ മൊഴിയുടെ പകർപ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ഇ.ഡിക്ക് ലഭിച്ചിരുന്നു.

also read:സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യും

ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളിൽ രഹസ്യമൊഴി നൽകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വപ്‌ന കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി നൽകിയ ശേഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ദുബായിലേക്ക് കറൻസി കടത്തി, ദുബായ് കോൺസുൽ ജനറലിന്‍റെ വസതിയിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് വഴി കനമുള്ള ലോഹ കട്ടികൾ കടത്തി, എന്നിങ്ങനെയാണ് സ്വപ്‌ന ആരോപിച്ചത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടാൻ സ്വപ്‌ന തയ്യാറായിട്ടില്ല. രഹസ്യമൊഴിയിൽ ഇവ നൽകിയെന്നായിരുന്നു സ്വപ്‌നയുടെ വാദം. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, ഭാര്യ കമല , മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, മുൻ മന്ത്രി കെ.ടി ജലീൽ എന്നിവർക്കെതിരെയും സ്വപ്‌ന ആരോപണമുന്നയിച്ചിരുന്നു. സ്വപ്‌ന നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവരെ ഇ.ഡി ചോദ്യം ചെയ്യുമോയെന്നതാണ് നിർണായകം.

ABOUT THE AUTHOR

...view details