എറണാകുളം : പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ എൻഫോഴ്‌സ്‌മെന്‍റ് സംഘം (Enforcement Department) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. പുരാവസ്‌തു തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച്, അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോയ സാഹചര്യത്തിൽ കൂടിയാണ് ഇ.ഡിയും സുധാകരനെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചത് (ED Questioning K Sudhakaran). തട്ടിപ്പ് കേസിലെ പരാതിക്കാർ ഇ.ഡിക്കും പരാതി നൽകിയിരുന്നു. നേരത്തെ, ചില സാക്ഷികളും സുധാകരനെതിരെ മൊഴി നൽകിയിരുന്നു.
'ഒരു കുറ്റവും ചെയ്‌തിട്ടില്ല' : അതേസമയം, താൻ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന് കെ. സുധാകരൻ (KPCC President K Sudhakaran) പ്രതികരിച്ചു. ഇ.ഡിക്ക് വിളിച്ചുവരുത്താൻ അധികാരമുണ്ട്. താൻ കുറ്റക്കാരൻ ആണങ്കിൽ അല്ലേ പാർട്ടിക്ക് പ്രശ്‌നമുള്ളൂവെന്നും കെ സുധാകരൻ ചോദിച്ചു. നൂറ് ശതമാനം താൻ ക്ലിയറാണ്. തനിക്കൊരു ആശങ്കയുമില്ല. ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. ഒരു തരത്തിലും തന്നെ കുടുക്കാൻ കഴിയുന്ന ഒരു കുറ്റവും ജീവിതത്തിൽ ചെയ്‌തിട്ടില്ല. ഇത് വെറുതെ പറയുന്നതല്ല. ഉളളിൽ തട്ടി പറയുന്നതാണ്. മനസറിഞ്ഞ് ഒരു കുറ്റവും ചെയ്‌തിട്ടില്ല, ഇനി ചെയ്യുകയുമില്ലെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.
അവസരങ്ങൾ ഒരുപാട് ലഭിച്ചിരുന്നു. പക്ഷേ ദുരുപയോഗം ചെയ്‌തിട്ടില്ല. വനം വകുപ്പ് മന്ത്രിയായിരുന്നപ്പോൾ എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് അന്വേഷിച്ചാൽ മനസിലാക്കാൻ കഴിയും. ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് ആക്ഷേപമില്ല. അന്ന് നിലമ്പൂർ കോവിലകത്തിന്‍റെ മരം മുറിക്കാൻ അനുമതിക്ക് വേണ്ടി കോടികൾ തരാമെന്ന് പറഞ്ഞിട്ടും താൻ വഴങ്ങിയിരുന്നില്ല.