എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ തുടർച്ചയായ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു. ചൊവ്വാഴ്‌ച രാത്രി എട്ട് മണിയോടെ മടങ്ങിയ അദ്ദേഹത്തോട് ഇന്ന് വീണ്ടും ഹാജരാകാൻ ഇഡി നിർദേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍ തുടരുന്നത്.
അതേസമയം സി എം രവീന്ദ്രനെതിരെ കുരുക്ക് മുറുക്കുന്നതിന്‍റെ ഭാഗമായാണ് ഇഡിയുടെ ദീർഘമായ ചോദ്യം ചെയ്യലെന്നാണ് സൂചന. ചോദ്യം ചെയ്യൽ പൂർത്തിയാക്കി മൊഴി വിശകലനം ചെയ്‌ത ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. വടക്കാഞ്ചേരി പദ്ധതിയുടെ മറവിൽ നടന്ന കോഴ ഇടപാടിൽ ഏതെങ്കിലും തരത്തിലുള്ള പങ്ക് ഉണ്ടെന്ന് വ്യക്തമായാൽ സിഎം രവീന്ദ്രനെ പ്രതി ചേർക്കുകയും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് ഇഡി കടക്കാനുമാണ് സാധ്യത.
കഴിഞ്ഞ മാസം 27ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നു എങ്കിലും രവീന്ദ്രന്‍ ഹാജരായിരുന്നില്ല. നിയമസഭ നടക്കുന്നതിനാൽ പങ്കെടുക്കാൻ അസൗകര്യമുണ്ടന്ന് സി എം രവീന്ദ്രൻ ഇഡിയെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് രണ്ടാമതും നോട്ടിസ് നൽകിയത്.
സ്വപ്‌നയുടെയും സരിത്തിന്‍റെയും മൊഴി എതിരായി: കോഴക്കേസിലെ മറ്റു പ്രതികളായ സ്വപ്‌നയും സരിത്തും നൽകിയ മൊഴിയുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രനിലേക്ക് കൂടി അന്വേഷണം എത്തിയത്. സി എം രവീന്ദ്രനും സ്വപ്‌ന സുരേഷും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ ഇഡി പരിശോധിച്ചിരുന്നു. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ലൈഫ് മിഷൻ കോഴക്കേസിൽ പ്രതിയുമായ എം ശിവശങ്കര്‍ സ്വപ്‌നയുമായി നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റിൽ സി എം രവീന്ദ്രനെ കുറിച്ച് പരാമർശിച്ചിരുന്നു.
ലൈഫ് മിഷൻ പദ്ധതിയിലേക്ക് റെഡ് ക്രസന്‍റിനെ പങ്കാളിയാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ചാറ്റിൽ രവീന്ദ്രനെ വിളിക്കാമെന്ന് ശിവശങ്കർ സ്വപ്‌നയോട് പറഞ്ഞതായി കണ്ടെത്തി. കാര്യങ്ങളെല്ലാം സി എം രവീന്ദ്രനും അറിയാമെന്ന നിഗമനത്തിലാണ് ഇഡിയെ ചാറ്റ് എത്തിച്ചത്. ഇതോടെ അന്വേഷണം മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു എൻഫോഴ്സ്മെന്‍റ്.
സ്വപ്‌നയുമായി വ്യക്തിപരമായ സ്വകാര്യ ചാറ്റുകളും സംസ്ഥാനത്തിന് പ്രളയ സഹായം ആവശ്യപ്പെട്ടുള്ള ചാറ്റുകളുമാണ് രവീന്ദ്രൻ നടത്തിയത്. ഈയൊരു സാഹചര്യത്തിലായിരുന്നു സി എം രവീന്ദ്രനെ വീണ്ടും വിളിച്ച് വരുത്തി വ്യക്തത തേടാൻ ഇഡി തീരുമാനിച്ചത്. ലൈഫ് മിഷൻ സി ഇ ഒ യു വി ജോസിനെയും ഇഡി ചോദ്യം ചെയ്‌തിരുന്നു. മുഖമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും സമാന രീതിയിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ഫെബ്രുവരി 14നായിരുന്നു ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷന്‍ കേസിലെ ആദ്യ അറസ്റ്റും ശിവശങ്കറിന്‍റേത് ആയിരുന്നു.
വാട്‌സ്‌ആപ്പ് ചാറ്റുകള്‍ നിര്‍ണായകം: എന്നാല്‍ ലൈഫ് മിഷന്‍ കോഴ കേസ് തനിക്കെതിരെ കെട്ടിച്ചമച്ചതാണ് എന്നാണ് ശിവശങ്കറിന്‍റെ വാദം. യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച പണം ചെലവഴിച്ച് ലൈഫ് മിഷൻ പദ്ധതിയിലൂടെ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാൻ ഉദ്ദേശിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോഴ ഇടപാട് കേസ് രജിസ്റ്റർ ചെയ്‌തത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ ഉൾപ്പെടെയുള്ള പ്രതികൾക്ക് കൈക്കൂലി നല്‍കിയതായി യൂണിടാക് മാനേജിങ് ഡയറക്‌ടർ സന്തോഷ് ഈപ്പൻ മൊഴി നല്‍കിയിരുന്നു.
കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും ശിവശങ്കര്‍ കോഴപ്പണം കൈപ്പറ്റി എന്നും പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും മൊഴി നല്‍കി. ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച ലൈഫ് മിഷൻ കമ്മിഷനായിരുന്നു എന്നാണ് സ്വപ്‌നയുടെ ആരോപണം. ഈയൊരു സാഹചര്യത്തിലായിരുന്നു ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിനെ പ്രതിയാക്കി ഇഡി അറസ്റ്റ് ചെയ്‌തത്.
നേരത്തെ 2020ല്‍ സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രന്‍ ഹാജരാക്കിയ സ്വത്തിന്‍റെ കണക്കുകളില്‍ ഇഡി സംശയം പ്രകടിപ്പിക്കുകയും ചെയ്‌തു. മണിക്കൂറുകളോളം തുടര്‍ച്ചയായാണ് ഇഡി രവീന്ദ്രനെ അന്ന് ചോദ്യം ചെയ്‌തത്. കഴിഞ്ഞ ദിവസം ലൈഫ് മിഷൻ കേസിൽ പത്ത് മണിക്കൂറോളം ഇഡി രവീന്ദ്രനെ ചോദ്യം ചെയ്‌തിരുന്നു.