എറണാകുളം:പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ (VD Satheeshan) പുനർജനി പദ്ധതിയുമായി (Punarjani Project) ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് ഇഡി (Directorate of Enforcement). പ്രാഥമിക അന്വേഷണങ്ങളാണ് കേന്ദ്ര അന്വേഷണ ഏജന്‍സി ആരംഭിച്ചിരിക്കുന്നത്. വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പദ്ധതിയില്‍ ഇഡിയും അന്വേഷണത്തിലേക്ക് കടന്നിരിക്കുന്നത്.
എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ഡെപ്യൂട്ടി ഡയറക്‌ടര്‍ പ്രശാന്ത് കുമാറിനാണ് അന്വേഷണ ചുമതല. പുനർജനി കേസുമായി ബന്ധപ്പെട്ട് എഫ്.സി.ആർ.എ, ഫെമ നിയമങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതിന് ശേഷം ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് നിന്നും അനുമതി ലഭിച്ചാലായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക.
പുനർജനി പദ്ധതിയ്ക്ക് വേണ്ടി വിദേശത്ത് നിന്ന് പണം ശേഖരിച്ചതിൽ അഴിമതി നടന്നുവെന്നാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം. ഈ സാഹചര്യത്തില്‍, വി ഡി സതീശന്‍റെ വിദേശ യാത്രകളും അന്വേഷണ സംഘം പരിശോധിക്കും. പുനർജനി പദ്ധതിയ്ക്ക് വേണ്ടി കേന്ദ്ര സർക്കാരിന്‍റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചു എന്നായിരുന്നു പരാതിക്കാരുടെ ആരോപണം.
അതേസമയം, നേരത്തെ തനിക്കെതിരായ വിജിലന്‍സ് അന്വേഷണത്തെ എതിര്‍ക്കുന്നില്ലെന്ന നിലപാട് ആയിരുന്നു വി ഡി സതീശന്‍ സ്വീകരിച്ചത്. നിയമസഭയില്‍ വച്ച് ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ താന്‍ വെല്ലുവിളി നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം തെറ്റാണെന്ന് പറയുന്നതില്‍ അനൗചിത്യം ഉണ്ട് എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ നിലപാട്.