എറണാകുളം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് (Karuvannur Bank Scam) കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.പി.എം നേതാവും മുൻമന്ത്രിയുമായ എ.സി മൊയ്‌തീന് ഇ.ഡി വീണ്ടും നോട്ടിസ് നൽകി (ED Notice To AC Moideen Karuvannur Bank Scam Case ). ഈ മാസം പതിനൊന്നിന് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജരാകാനാണ് നിർദേശം. ഇത് മൂന്നാം തവണയാണ് എസി മൊയ്‌തീന് ഇ.ഡി (Enforcement Directorate) നോട്ടിസ് നൽകുന്നത്.
അതേ സമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികളെ മൂന്ന് ദിവസത്തെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ഇഡിയുടെ ആവശ്യം പി എം എൽ എ (Prevention of Money Laundering Act) കേസ് പരിഗണിക്കുന്ന പ്രത്യേക സി.ബി.ഐ കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളായ സതീഷ് കുമാറിനെയും പി പി കിരണിനെയുമാണ് കസ്റ്റഡിയിൽ വിട്ടത്.
എട്ടാം തിയതി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. ഇന്നലെ (04.9.2023) അറസ്റ്റിലായ പി സതീഷ് കുമാർ കേസിൽ ഒന്നാം പ്രതിയായും പി പി കിരൺ രണ്ടാം പ്രതിയുമായാണ് ഇ ഡി കോടതിയിൽ റിപ്പോർട്ട് നൽകിയത്. വ്യാജ വായ്‌പകളിലൂടെ പി.പി കിരൺ തട്ടിയെടുത്തത് 24 കോടിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതിൽ 14 കോടി സതീഷ് കുമാറിന് കൈമാറി.