എറണാകുളം :കിംഗ് ഓഫ് കൊത്ത (King of kotha) തിയേറ്ററുകളിൽ വലിയ വിജയമായാൽ രണ്ടാം ഭാഗം ഉറപ്പ് എന്ന് ദുൽഖർ സൽമാൻ (Dulquer Salmaan). കിംഗ് ഓഫ് കൊത്തയുടെ മേൽ ജനങ്ങൾക്കുള്ള പ്രതീക്ഷകൾ വാനോളമാണ് അതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ ഓവർ ഹൈപ്പ് ഭയപ്പെടുത്തുന്നുണ്ടെന്നും കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ ദുൽഖർ പറഞ്ഞു Dulquer Salmaan on king of kotha).
ജീവിതത്തിന്‍റെ ഒരു വർഷക്കാലമാണ് കിംഗ് ഓഫ് കൊത്തയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി താൻ മാറ്റിവച്ചത്. ചിത്രത്തിന്‍റെ ആശയത്തിൻമേൽ തനിക്ക് അത്രയും ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് നിർമ്മാണ ചുമതലയും ഏറ്റെടുത്തത്. കൊത്തയിലെ
കഥാപാത്ര സൃഷ്‌ടികളും ഭൂമികയും ഒക്കെ തികച്ചും ഒരു സാങ്കൽപ്പിക ലോകമാണ്.
യഥാസ്ഥിതിയിൽ നിന്നും അൽപം മാറി നിൽക്കും. അതുകൊണ്ട് തന്നെ നമ്മുടെ സംസ്‌കാരവുമായി ചേർന്ന് നിൽക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. പക്ഷേ ട്രെയിലറിലും ടീസറിലും കണ്ട കൊത്തയെ ഉൾക്കൊണ്ട് ആരും വിലയിരുത്തേണ്ട കാര്യമില്ല. മലയാളികൾക്ക് ഇഷ്‌ടപ്പെടുന്ന എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്.
തമിഴ്, തെലുഗു, ഹിന്ദി ബിഗ് ബജറ്റ് ചിത്രങ്ങളുടെ അതേ ക്യാൻവാസിൽ തന്നെയാണ് കിംഗ് ഓഫ് കൊത്തയും ഒരുങ്ങുന്നത്. പക്ഷേ മലയാളത്തിൽ നിന്ന് ഒരു മാസ് മസാല ചിത്രം ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യുമ്പോൾ പ്രതീക്ഷിക്കുന്ന ആശയത്തിലെ ഗുണനിലവാരം ചിത്രത്തിലുണ്ടെന്ന് ഉറപ്പ് തരുന്നുവെന്നും ദുൽഖർ പറഞ്ഞു.
തന്‍റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത. വർഷത്തിൽ താൻ എത്ര പടം ചെയ്‌തു എന്നല്ല, ചെയ്‌ത പടങ്ങൾ നാഴികക്കല്ലായി തന്‍റെ കരിയറിൽ ഉണ്ടാവാനാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ചെയ്യുന്ന ചിത്രങ്ങളുടെ കണക്കെടുക്കാൻ താൽപര്യമില്ല. കൂടാതെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന പ്രയോഗവും പലപ്പോഴും അലോസരപ്പെടുത്തുന്നുണ്ടെന്നും ദുൽഖർ പറഞ്ഞു.
മലയാളത്തിലേക്ക് തിരിച്ചെത്തി പ്രസന്ന : കിംഗ് ഓഫ് കൊത്തയിലൂടെ തമിഴ് നടൻ പ്രസന്നയും (Prasanna) ഒരു ഇടവേളക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ബ്രദേഴ്‌സ് ഡേ ആയിരുന്നു ഇതിനുമുമ്പ് അദ്ദേഹം അഭിനയിച്ച ചിത്രം. കിംഗ് ഓഫ് കൊത്തയിലെ പൊലീസ് വേഷം കഴിഞ്ഞ ചിത്രത്തിലെ നെഗറ്റീവ് വേഷത്തിന്‍റെ ഇംപാക്‌ട് മലയാളികൾക്കിടയിൽ കുറയ്ക്കുമെന്ന് പ്രസന്ന അഭിപ്രായപ്പെട്ടു.