എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എറണാകുളം സ്വദേശി ഡൊമിനിക് മാർട്ടിൻ. സ്‌ഫോടനത്തിന് ശേഷം തൃശൂർ കൊടകര പൊലീസില്‍ കീഴടങ്ങുന്നതിന് മുൻപാണ് ഫേസ്‌ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചത്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്‌തതായി കണ്ടെത്തി.
യഹോവ സാക്ഷികൾ ദേശീയ ഗാനം പാടരുതെന്ന് പഠിപ്പിച്ചു. യഹോവ സാക്ഷികളുടേത് രാജ്യദ്രോഹ പ്രവർത്തനമെന്നും ഡൊമനിക് മാർട്ടിൻ പറയുന്നു. താനും ഇതേ സഭയിലെ അംഗമാണ്. സഭയുടെ നിലപാടില്‍ പ്രതിഷേധമുണ്ട്. വോട്ട് ചെയ്യുന്നവർ മോശക്കാരെന്ന് പ്രചരിപ്പിച്ചെന്നും തന്‍റേത് തെറ്റായ പ്രചാരണത്തിന് എതിരായ പ്രതികരണമാണെന്നും ഡൊമിനിക് മാർട്ടിൻ ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
സഭ കുട്ടികളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു. ജനങ്ങളുടെ നാശം ആഗ്രഹിക്കുന്ന പ്രസ്ഥാനം. തിരുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സഭ വഴങ്ങിയില്ലെന്നും എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ഫേസ്‌ബുക്ക് വീഡിയോയില്‍ വ്യക്തമാക്കി. ഇന്ന് രാവിലെ നടന്ന സ്ഫോടനത്തിന് ശേഷം മാർട്ടിൻ കളമശേരി പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
ഡൊമിനിക് മാർട്ടിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: എൻ്റെ പേര് മാർട്ടിൻ.. ഇപ്പോൾ നടന്ന സംഭവവികാസം നിങ്ങളെല്ലാവരും അറിഞ്ഞു കാണം. യഹോവയുടെ സാക്ഷികൾ നടത്തിയ ഒരു കൺവൻഷനിൽ ഒരു ബോംബ് സ്‌ഫോടനമുണ്ടാവുകയും ഗുരുതരമായ പ്രത്യാഘാതമുണ്ടാവുകയും ചെയ്‌തിട്ടുണ്ട്.
എന്തു സംഭവിച്ചു എന്നെനിക്ക് കൃത്യമായി അറിയില്ല… എന്നാൽ സംഭവിച്ചു എന്നുറപ്പുണ്ട്. അതിൻ്റെ ഉത്തരവാദിത്തം ഞാൻ പൂർണമായി ഏറ്റെടുക്കുന്നു. ഞാനാണ് ആ ബോംബ് സ്‌ഫോടനം അവിടെ നടത്തിയത്. എന്തിനാണ് ഈ ബോംബ് സ്‌ഫോടനം നടത്തിയത് എന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വീഡിയോ ഇപ്പോൾ ചെയ്യുന്നത്.